Site iconSite icon Janayugom Online

കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

ചെറുവത്തൂരില്‍ ഷവര്‍മ ഭക്ഷ്യവിഷബാധയില്‍ 16 കാരി മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് കാസര്‍കോട് മത്സ്യ ചന്തയില്‍ നടത്തിയ പരിശോധനയില്‍ 200 കിലോ പഴകിയ മത്സ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജോൺ വിജയകുമാർ പറഞ്ഞു.

ഇന്നലെ പുലർച്ചെ 3.30 ന് മാർക്കറ്റിലെത്തിയ ശീതീകരിച്ച ട്രക്കുകളിൽ പരിശോധനയില്‍ നടത്തുകയും ട്രക്കുകളിലൊന്നില്‍ ഒരു പെട്ടിയില്‍ ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിലുള്ള 50 പെട്ടികള്‍ പരിശോധിച്ചതില്‍ നിന്ന് 25 കിലോ വീതം ഭാരമുള്ള എട്ട് പെട്ടികളിലെ മത്തി മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കണ്ടെത്തുകയും അവ ശരിയായ രീതിയിൽ സംസ്കരിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

മത്സ്യ ഏജന്റുമാരും വിൽപനക്കാരും ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടാവുകയും പൊലീസിനെ വിളിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, ഫിഷറീസ് വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ, കാസർകോട് മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ഓഫീസർ എന്നിവരടങ്ങുന്ന സ്ക്വാഡാണ് പരിശോധനയ്ക്കെത്തിയത്.

മേയ് ഒന്നിന് ചെറുവത്തൂരിലെ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച് സ്‌കൂൾ വിദ്യാർഥിനി മരിക്കുകയും 52 പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷ വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാസർകോട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ന്യൂനത പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും അടപ്പിക്കുയും ചെയ്തതായി വിജയകുമാർ പറഞ്ഞു. വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ വെള്ളിയാഴ്ച വിദ്യാനഗറിലെ ഒരു ചെറിയ പച്ചക്കറിക്കടയും ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ തൊട്ടടുത്തുള്ള കോഴിക്കടയും പൂട്ടി.

12 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സ്റ്റോർ വകുപ്പിൽ രജിസ്റ്റർ ചെയ്യുകയും മറ്റുള്ളവർ വകുപ്പിൽ നിന്ന് ഭക്ഷ്യസുരക്ഷ ലൈസൻസ് നേടുകയും വേണമെന്ന് വിജയകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷ്യസ്ഥാപനങ്ങളില്‍ കാര്യക്ഷമമായ പരിശോധനയില്ലെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.

Eng­lish summary;200 kg old fish seized at Kasar­god fish market

You may also like this video;

Exit mobile version