Site icon Janayugom Online

മലയാളത്തിലെ ആദ്യ അച്ചടിയന്ത്രത്തിന് 200 വയസ്

മലയാളത്തിലെ ആദ്യത്തെ അച്ചടിയന്ത്രത്തിന് പ്രായം 200 തികഞ്ഞു. കോട്ടയത്തെ സിഎംഎസ് പ്രസിൽ സ്ഥാപിച്ചിരിക്കുന്ന ഈ അച്ചടിയന്ത്രം കേരളത്തിൽ എത്തിയിട്ട് 200 വർ‍ഷം കഴിഞ്ഞു. 1821 ഒക്ടോബർ 18നാണ് ബെഞ്ചമിൻ ബെയ് ലി ഇംഗ്ലണ്ടിൽ നിന്ന് ആദ്യ അച്ചുകൂടം കോട്ടയത്ത് എത്തിച്ചത്. 1821ൽ അച്ചടിയന്ത്രം എത്തിയെങ്കിലും ആദ്യ പുസ്തകം അച്ചടിക്കാൻ പിന്നെയും മൂന്നു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 

ഇംഗ്ലണ്ടിൽ നിന്നുള്ള അച്ചടിയന്ത്രം എത്താൻ വൈകിയതിനാൽ ബെയ് ലി സ്വന്തമായി പ്രസ് നിർമ്മിക്കാൻ തീരുമാനിച്ചു. അച്ചടി വിദ്യയുമായി മുൻ പരിചയമില്ലായിരുന്നതിനാൽ ഒരു ഇരുമ്പുപണിക്കാരന്റെ സഹായത്തോടെ ആവശ്യമായ ലോഹ സാമഗ്രികൾ ഉണ്ടാക്കി. വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പം ‘ഇ, ഈ’ എന്നിങ്ങനെ ഉപയോഗിച്ചിരുന്നതിനു പകരം ി, ീ എന്നിങ്ങനെയുള്ള ഉപലിപികൾ സ്വീകരിച്ചു. കൂട്ടക്ഷരങ്ങളിലും ചില മാറ്റങ്ങൾ വരുത്തി. ബെയ് ലി രൂപകല്പന ചെയ്ത ഉരുണ്ട അക്ഷരങ്ങളോടു സമാനമായ അക്ഷരങ്ങളാണ് ഇന്നും മലയാളത്തിൽ ഉപയോഗിക്കുന്നത്. ‘ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലിഷിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ’ ആണ് ആദ്യം ഇറങ്ങിയ പുസ്തകം.ഇതേവർഷം തന്നെ വേദപുസ്തകത്തിലെ മത്തായിയുടെ സുവിശേഷവും തർജമ ചെയ്ത് പുറത്തിറക്കി. മതഗ്രന്ഥങ്ങൾക്കൊപ്പം പാഠപുസ്തകങ്ങളും ഇവിടെ നിന്ന് അച്ചടിച്ചിരുന്നു.കോളജിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം ആരംഭിച്ചതും സാധാരണകാർക്കു പഠിക്കാനുള്ള സൗകര്യം ആരംഭിച്ചതും അദ്ദേഹമാണ്. ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും മലയാളം– ഇംഗ്ലീഷ് നിഘണ്ടുവും ആദ്യമായി തയാറാക്കിയത് അദ്ദേഹമാണ്. 1829ൽ ബൈബിൾ പുതിയനിയമം മലയാളത്തിലേക്കു വിവർത്തനം ചെയ്ത് പൂർണരൂപത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യകാല വർത്തമാന പത്രങ്ങളിലൊന്നായ ‘ജ്ഞാനനിക്ഷേപം’ 1848ൽ സിഎംഎസ് പ്രസിൽ നിന്നു പ്രസിദ്ധീകരിച്ചു. 

മലയാള അച്ചടിയുടെ 200 വർഷങ്ങൾ‍ പൂർത്തിയാകുന്നതിന്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘവും ബെഞ്ചമിൻ ബെയ് ലി ഫൗണ്ടേഷനും ചേർന്നു പ്രസിദ്ധീകരിക്കുന്ന ‘വാക്കിലെ ലോകങ്ങൾ; അച്ചടി മലയാളത്തിന്റെ 200 വർഷങ്ങൾ’ എന്ന പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു.
eng­lish sum­ma­ry; 200 years to the first print­ing press in Malayalam
you may also like this video;

Exit mobile version