Site iconSite icon Janayugom Online

20,000 സ്കൂളുകള്‍ അടച്ചുപൂട്ടി, 1.9 ലക്ഷം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടു

schoolschool

2021–22 അധ്യയന വര്‍ഷത്തില്‍ 20,000 സ്കൂളുകള്‍ അടച്ചുപൂട്ടുകയും 1.9 ലക്ഷം അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കോണ്‍ഗ്രസ് രാജ്യസഭാംഗം രാജീവ് ശുക്ലയുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ ദേവിയാണ് കണക്കുകള്‍ അവതരിപ്പിച്ചത്. 

2020–21 ലെ കണക്കനുസരിച്ച് സ്വകാര്യ‑സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലേത് ഉള്‍പ്പെടെ 15,09,136 സ്കൂളുകളാണ് രാജ്യത്തുള്ളത്. 2021–22 ആയപ്പോള്‍ ഇത് 14,89,115 ആയി കുറഞ്ഞു. ഈ കാലയളവില്‍ അധ്യാപകരുടെ എണ്ണം 96,96,425ല്‍ നിന്ന് 95,07,123 ആയും കുറഞ്ഞു. ഇന്ത്യയിലെ സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ശേഖരിക്കുന്ന യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസ് (യുഡിഐഎസ്ഇ+)ല്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയാറാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയാണ് സ്കൂളുകളുടെയും അധ്യാപകരുടേയും എണ്ണം കുറയാനുള്ള പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സ്കൂളുകള്‍ അടച്ചിട്ടതും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ ചെലവ് കുറയ്ക്കാന്‍ അധ്യാപകരുടെ എണ്ണം വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. 

കുട്ടികള്‍ കുറവായ സ്കൂളുകളെ സമീപത്തുള്ള സ്കൂളുമായി കൂട്ടിച്ചേര്‍ക്കുന്നതിന് 2016ന് ഒരു വിഭാഗം ജീവനക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. മാനവ വിഭവശേഷി വകുപ്പ് ഇതിന് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഓരോ ക്ലാസിനും ഒരു അധ്യാപിക/അധ്യാപകന്‍ ആവശ്യമാണ്. 50 കുട്ടികളില്‍ താഴെയുള്ള ക്ലാസുകള്‍ നടത്തിക്കൊണ്ടു പോകുന്നതും പ്രയാസമാണ്. ഇത്തരം ക്ലാസുകള്‍ നടത്തുന്നത് ചെലവ് വര്‍ധിപ്പിക്കുന്നതിനാലാണ് അധ്യാപകരെ വ്യാപകമായി പിരിച്ചുവിട്ടത്. ഒഡിഷയില്‍ 15 വിദ്യാര്‍ത്ഥികളില്‍ താഴെയുള്ള 14,000 സ്കൂളുകള്‍ സമീപത്തുള്ള സ്കൂളുകളുമായി സംയോജിപ്പിച്ചു. അയ്യായിരത്തോളം സ്കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഈ നയം അനുസരിച്ച് 2018–19നും 2020–21നും ഇടയില്‍ അരക്കോടി സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: 20,000 schools were closed and 1.9 lakh teach­ers lost their jobs

You may also like this video

Exit mobile version