Site iconSite icon Janayugom Online

വര്‍ഷത്തിനൊപ്പം പോയ്‌മറഞ്ഞ നക്ഷത്രങ്ങള്‍ |2021

അനില്‍ പനച്ചൂരാന്‍ (ജനവരി 3)

ഹൃദായാഘാതം മൂലമായിരുന്നു പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ശ്രീനിവാസനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നും എന്ന ഗാനത്തോടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ ഗാനരചനാ മേഖലയില്‍ ശ്രദ്ധേയനാവുന്നത്. തുടര്‍ന്ന് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ, ലാല്‍ ജോസിന്റെ തന്നെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ തുടങ്ങിയ ഗാനങ്ങളിലൂടെ അനില്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അറബിക്കഥ ഉള്‍പ്പടെ വിവിധ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.

 

പ്രശസ്ത ഗായകൻ എംഎസ് നസീം ( ഫെബ്രുവരി 10)

പ്രശസ്ത ഗായകൻ എം എസ് നസീം. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. ആകാശവാണിയിലേയും ദൂരദർശനിലേയും സജീവ സാന്നിധ്യമായിരുന്നു. ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസൽ സംഗീതചരിത്രത്തെ കുറിച്ച് പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയിൽ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റി. ദൂരദർശൻ തുടർച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങൾതൻ ആനന്ദലഹരി’ എന്ന ഡോക്യുമെന്ററി, മലയാള ഗാനചരിത്രം രേഖപ്പെടുത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി നിർമിക്കപ്പെട്ടതാണ്. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സർക്കാരിെന്റെ ടി.വി അവാർഡ് നാലുതവണ, 2001ൽ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ൽ സോളാർ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

 

പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ( ഫെബ്രുവരി 25)

തിരുവനന്തപുരം തൈക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു ഭാഷാ പണ്ഡിതനും അധ്യാപകനും കൂടിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ അന്ത്യം.
കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.അപരാജിത, ഇന്ത്യയെന്ന വികാരം, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, മുഖമെവിടെ, ആരണ്യകം, ഉജ്ജയനിയിലെ രാപ്പകലുകള്‍, ചാരുലത എന്നിവയാണ് പ്രധാന കൃതികള്‍. 2014ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചു .ഭൂമിഗീതങ്ങള്‍ എന്ന കൃതിക്കാണ് 1979ല്‍ അദ്ദേഹത്തിന് സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. ഉജ്ജയനിയിലെ രാപ്പകലുകള്‍ എന്ന കൃതിക്ക് 1994ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മുഖമെവിടെ എന്ന കൃതിക്ക് 1983ല്‍ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു. 2010ല്‍ വയലാര്‍, വള്ളത്തോള്‍ പുരസ്‌ക്കാരങ്ങളും കവിയെ തേടിയെത്തി.

 

പി ബാലചന്ദ്രന്‍ (ഏപ്രില്‍ 5)

 


മസ്തിക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്റെ (69) വിടവാങ്ങല്‍.
ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം പാവം ഉസ്മാന്‍ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ പുരസ്‌കാരം, കേരള പ്രൊഫഷണല്‍ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു.ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, കല്ലുകൊണ്ടൊരു പെണ്ണ്, പുനരധിവാസം, പൊലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ രചനയാണ്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി.പുനരധിവാസം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച കഥ, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവയും ലഭിച്ചു.നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വണ്‍ ആയിരുന്നു അവസാന ചിത്രം.

 

ആര്‍ ബാലകൃഷ്ണ പിള്ള (മെയ് 3)

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ അന്ത്യം. വിദ്യാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസിലൂടെയായുരുന്നു സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1964ല്‍ കെഎം ജോര്‍ജിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സംസ്ഥാന ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു അദ്ദേഹം. 1977ലാണ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളരുകയും ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായ ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊട്ടാകരകരയില്‍ നിന്നാണഅ ബാലകൃഷ്ണപിള്ള ജയിച്ച് കയറിയത്.. 2006 ല്‍ സിപിഎമ്മിലെ ഐഷ പോറ്റിയോട് പരാജയപ്പെട്ടു. 2017ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു.198287ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീം കോടതി അദ്ദേഹത്തെ ഒരു വര്‍ഷം തടവിന് വിധിച്ചിരുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

 

ഡെന്നീസ് ജോസഫ് (മെയ് 10)

വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്‍െ അപ്രതീക്ഷിത വിയോഗം. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്.രാജാവിന്റെ മകന്‍, ന്യൂ ഡല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, നിറക്കൂട്ട്, നായര്‍ സാബ്, നമ്പര്‍ വണ്‍ ട്വന്റി മദ്രാസ് മെയില്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ല്‍ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

 

മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മെയ് 11)


കൊവിഡ് ബാധിച്ചായിരുന്നു പ്രമുഖ സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചത്. 81 വയസ്സായിരുന്നു. 1941ല്‍ തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ ആണ് മാടമ്പ് കുഞ്ഞുക്കുട്ടന്റെ ജനനം. മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്. അശ്വത്ഥാമാവ് ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. പിന്നീട് മഹാപ്രസ്ഥാനം, ഭ്രഷ്ട്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കമുളളവ പ്രധാന കൃതികളാണ്.

 

കെ ആര്‍ ഗൗരിയമ്മ (മെയ് 11)

കേരളത്തിന്റെ വിപ്ലവ നായികയായ കെ ആര്‍ ഗൗരിയമ്മ തന്റെ 102 ാം വയസിലാണ് വിടവാങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു മരണം. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ കനലായി തിളങ്ങി നിന്ന നേതാവായിരുന്നു ഗൗരിയമ്മ .13 തവണ നിയമസഭയിലേകക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറ് തവണ മന്ത്രിയായി. 1994 ല്‍ സിപിഎമ്മില്‍ നിന്ന് പുറത്തായി ജെഎസ്എസ് രൂപീകരിച്ചു. പിന്നീട് യുഡിഎഫിലെത്തിയ ഗൗരിയമ്മ 2016 ല്‍ യുഡിഎഫ് വിട്ടു.

 

വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ (ജൂണ്‍ 22)

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. നവരാത്രി മണ്ഡപത്തില്‍ പാടിയ ആദ്യ വനിതയാണ് പാറശാല പൊന്നമ്മാള്‍.

ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടേയും ഭഗവതി അമ്മാളുടേയും മകളായി 1924ലാണ് പൊന്നമ്മാളിന്റെ ജനനം. അച്ഛന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭ പഠനം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണവും ഒന്നാം റാങ്കോടെ പാസായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീത അധ്യാപികയായും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

പൂവ്വച്ചല്‍ ഖാദര്‍ (ജൂണ്‍ 22)

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) വിടവാങ്ങിയത്. അരനൂറ്റാണ്ടോളം സിനിമയില്‍ പ്രവര്‍ത്തിച്ച പൂവച്ചല്‍ ഖാദര്‍ മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിരുന്നു. 1948 ഡിസംബര്‍ 25ന് കാട്ടാക്കടയ്ക്കടുത്ത് പൂവച്ചലില്‍ ജനിച്ച മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ പൊതുമരാമത്തു വകുപ്പില്‍ ദീര്‍ഘകാലം എന്‍ജിനീയറായിരുന്നു.നാഥാ നീ വരും കാലൊച്ച കേട്ടെന്‍ (ചാമരം), ഏതോ ജന്മ കല്പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍ ), ശര റാന്തല്‍ തിരി താഴും,പൂ മാനമേ, ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍ ‚ചിത്തരിത്തോണിയില്‍ അക്കരെ പോകാന്‍, കിളിയേ കിളിയേ, മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ തുടങ്ങി മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ഉള്‍പ്പെടുന്നു.ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം,ദശരഥം തുടങ്ങി നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കെജി ജോര്‍ജ്, പിഎന്‍ മേനോന്‍, ഐവി ശശി, ഭരതന്‍, പത്മരാജന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കൊപ്പം ഖാദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്.

 

ഇതിഹാസ ബോളിവുഡ് താരം ദിലീപ് കുമാര്‍ (ജൂലൈ 7)

ഹിന്ദി സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാർ(98). ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

ബോളിവുഡിലെ വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത നായകന്‍ 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം. ഭാര്യ സൈറ ബാനുവാണ് കൂടെയുണ്ടായിരുന്നത്. 1944 ൽ ജ്വരപ്പെട്ട് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാർ സിനിമയെന്ന വിസ്മയ ലോകത്തേക്ക് കടന്ന് വരുന്നത്. മുഹമ്മദ് യുസഫ് ഖാൻ എന്ന ദിലീപ് കുമാറിന്റെ രംഗ പ്രവേശത്തോടെയാണ് ബോളിവുഡിൽ ഖാൻ യുഗത്തിന് തുടക്കമിടുന്നതും.

 

പ്രശസ്ത നടന്‍ കെടിഎസ് പടന്നയില്‍ ജൂലൈ (22)

പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെടിഎസ് പടന്നയില്‍ (88).നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.

1956‑ല്‍ ‘വിവാഹ ദല്ലാള്‍’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു.പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം നീണ്ട അഭിനയജീവിതം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍  ( ഓഗസ്റ്റ് 2)

പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍. എണ്‍പത് വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംവിധായകന്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് കല്യാണി മേനോൻ അരങ്ങേറുന്നത്. വിയറ്റ്നാം കോളനിയിലെ “പവനരച്ചെഴുതുന്നു’ എന്ന ഹിറ്റ് ഗാനവും അവർ അലപിച്ചതാണ്.

 

നാടൻ പാട്ടുകളെ ജനകീയമാക്കിയ ബാനർജി ( ഓഗസ്റ്റ് 6)

പ്രമുഖ നാടൻ പാട്ടുകലാകാരനും കർട്ടൂണിസ്റ്റുമായ ശാസ്താംകോട്ട മനക്കര മനയിൽ പിഎസ് ബാനർജി.

ശ്രദ്ധേയമായ നിരവധി നാടൻ പാട്ടുകൾ ആലപിച്ചിട്ടുള്ള ബാനർജി പാടിയ താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനർജി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

 

നടി ശരണ്യ ശശി ( ഓഗസ്റ്റ് 9)

 

ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി (35) .  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു.

നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് സിനിമ – സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീടു നിർമിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.

 

നടി ചിത്ര ( ഓഗസ്റ്റ് 21)


ഹൃദയാഘാതത്തെ തുടര്‍ന്ന് 56ാം വയസിലായിരുന്നു നടി ചിത്രയുടെ അന്ത്യം. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന താരം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ നടന്‍മാര്‍ക്കൊപ്പം വേഷമിട്ടു. പൊന്നുച്ചാമി, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, കളിക്കളം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്.

എം വി നൗഷാദ് ( ഓഗസ്റ്റ് 27)

ചലച്ചിത്ര നിര്‍മ്മാതാവും പാചകവിദഗ്ധനുമായ എം വി നൗഷാദ്(55). പ്രമേഹ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടെലിവിഷന്‍ കുക്കറി ഷോയിലൂടെ ശ്രദ്ധേയനായിരുന അദ്ദേഹം സ്വന്തമായി കാറ്ററിംഗ് സ്ഥാപനവും നടത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഭാര്യ ഷീബ(51) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു നൗഷാദ്. 2005ല്‍ മികച്ച നിര്‍മ്മാതാവിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു(കാഴ്ച). കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്.

 

നടന്‍ റിസബാവ (സപ്റ്റംബര്‍ 13)

സ്‌ട്രോക്കിനെ തുടര്‍ന്നായിരുന്നു മലയാളികളുടെ ‘പ്രിയപ്പെട്ട വില്ലനായ’ നടന്‍ റിസബാവയുടെ അന്ത്യം. 54 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.നാടകത്തിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. 1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. എന്നാല്‍ ചിത്രം റിലീസായിരുന്നില്ല പിന്നീട് 1990 ല്‍ ഷാജി കൈലാസ് ചിത്രം ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് 100 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന വിലന്‍ കഥാപാത്രമാണ് റിസബാവയുടെ സിനിമാ ജീവിത്തില്‍ വഴിത്തിരിവായത്. പിന്നീട് പല വില്ലന്‍ വേഷങ്ങളും റിസബാവ അവതരിപ്പിച്ചു.

 

മാര്‍ക്രിസോസ്റ്റം തിരുമേനി

ചിരിച്ചും ചിന്തിപ്പിച്ചും കേരള ജനസമൂഹത്തിന്റെ ഹൃദയത്തില്‍ ഇടംപിടിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി 104ാം വയസില്‍ അന്തരിച്ചു. ഏറ്റവും കൂടുതല്‍ കാലം മലങ്കര മാര്‍ത്തോമ്മ സഭയുടെ മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ച വ്യക്തിയാണ്.

പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതി യേശുദാസന്‍

കാര്‍ട്ടൂണിസ്റ്റ് സി ജെ യേശുദാസന്‍ (83). ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് യേശുദാസന്‍. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ യേശുദാസന്‍ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെ കൂടിയാണ് വരകളിലൂടെ കോറിയിട്ടത്.

 

നെടുമുടി വേണു (ഒക്ടോബര്‍ 11)

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മലയാളത്തിലെ ഏറ്റവും അതുല്യരായ താരങ്ങളുടെ മുന്‍ നിരയിലുണ്ടായിരുന്ന നടന്റെ വേര്‍പാട്. നാല്‍പ്പത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ അഞ്ഞൂറില്‍ അധികം സിനിമകളില്‍ വേഷമിട്ടു. രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു.

ബിച്ചു തിരുമല (നവംബര്‍ 26)

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല വിടവാങ്ങിയത്. എന്നും ഓര്‍മിക്കാവുന്ന ഒരുപിടി പാട്ടുകള്‍ സമ്മാനിച്ച കവിയാണ് ബിച്ചു തിരുമല. 5000 ത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ഗാനസാഹിത്യ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

 

ഗായകൻ തോപ്പിൽ ആന്റോ (ഡിസംബര്‍4)

മലയാളത്തിന്റെ പ്രിയ ഗായകൻ തോപ്പിൽ (81) ആന്റോ യും ഈ വര്‍ഷമാണ് വിടവാങ്ങിയത്‌.. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ ഇടപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ആന്റോ നിരവധി സിനിമാ നാടക ഗാനങ്ങൾ പാടിയിട്ടുണ്ട്.

 

പിടി തോമസ് (ഡിസംബര്‍ 22)

അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേയായിരുന്നു തൃക്കാക്കര എം എല്‍ എ കൂടിയായ പിടി തോമസിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.സ്വന്തം പ്രവര്‍ത്തന ശൈലികൊണ്ടും നിലപാടു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം.നാലു തവണ എം എല്‍ എയും ഒരു തവണ എംപിയുമായിരുന്നു.പാരിസ്ഥിതിക വിഷയങ്ങളിള്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

 

സംവിധായകൻ കെ എസ്‌ സേതുമാധവൻ (ഡിസംബര്‍ 24)

പ്രശസ്‌ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) വിടവാങ്ങിയത് 2021 ന്റെ അവസാനത്തോട് അടുക്കുമ്പോഴാണ്. ചെന്നൈയിൽ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്‌തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചു.

പാലക്കാട് സുബ്രഹ്മണ്യം–ലക്ഷ്‌മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്‍റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്‍റെ സഹായി ആയിട്ടായിരുന്നു.

കൈതപ്രം വിശ്വനാഥന്‍ (ഡിസംബര്‍ 30)

2021 ന്റെ അവസാനത്തോട് അടുക്കുമ്പോഴാണ് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ വിടവാങ്ങിയത്. 58 വയസ്സായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിവേയായിരുന്നു അന്ത്യം. പ്രമുഖ സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. തിളക്കം, കണ്ണകി, ദൈവനാമത്തില്‍, ഏകാന്തം അടക്കം മലയാളത്തില്‍ ഇരുപതിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുളള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Exit mobile version