Site iconSite icon Janayugom Online

2022 ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; വീണ്ടും ഇന്ത്യ‑പാക് പോരാട്ടം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23‑ന് മെല്‍ബണില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടൂര്‍ണമെന്റ്. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിന്‍ഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും.
മെല്‍ബണില്‍ രണ്ട് ടീമും ലോകകപ്പ് മത്സരം കളിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് രണ്ട് ടീമുകളും തമ്മില്‍ ഓസ്‌ട്രേലിയയില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2015ലാണ്. അന്ന് ഓവലിലായിരുന്നു മത്സരം. യുഎഇ വേദിയായ അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിരുന്നു. ലോകകപ്പിലെ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. 

യോഗ്യതാ റൗണ്ടില്‍ അടക്കം ആകെ 16 ടീമുകള്‍ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ശ്രീലങ്കയും സ്കോട്‌ലന്‍ഡും ഗ്രൂപ്പ് ഒന്നില്‍ ഇടംപിടിച്ചേക്കും. ഒക്ടോബര്‍ 22‑ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. സിഡ്‌നിയിലാണ് മത്സരം. 

രോഹിത് ശര്‍മ‑രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് കപ്പടിക്കുകയെന്നത് എളുപ്പമാവില്ല. ഓ­സ്‌­ട്രേലിയന്‍ സാഹചര്യങ്ങള്‍ ഇന്ത്യക്ക് എന്നും വലിയ വെല്ലുവിളി തന്നെയാണ്. ഗ്രൂപ്പില്‍ പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കള്‍ ഓസ്‌ട്രേലിയയാണ്. തട്ടകത്തില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ കൂടുതല്‍ കിരീട സാധ്യത കല്പിക്കുന്നതും ഓസ്‌ട്രേലിയക്കാണ്.

ENGLISH SUMMARY:2022 T20 World Cup sched­ule announced; Indo-Pak Match
You may also like this video

Exit mobile version