Site icon Janayugom Online

കാലാവസ്ഥാ റെക്കോഡുകള്‍ മറികടന്ന് 2023 ; വരും വര്‍ഷം അതിലും മോശമായേക്കും 

കാലാവസ്ഥാ റെക്കോഡുകള്‍ മറികടന്നാണ് 2023 കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന(ഡബ്ല്യൂഎംഒ). വരും വര്‍ഷം അതിലും മോശമായേക്കുമെന്നും ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയായ കോപ്28യില്‍ ഡബ്ല്യൂഎംഒ അറിയിച്ചു.  ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് വ്യാവസായിക കാലത്തേക്കാള്‍ 1.40 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഈ വര്‍ഷത്തെ താപനിലയെന്ന്  ആഗോള കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.  നേരത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്  2016, 2020 വര്‍ഷങ്ങളിലായിരുന്നു.
അതേസമയം ഇന്ത്യയില്‍ തെക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്  വടക്കൻ സംസ്ഥാനങ്ങളിലാണ് താപനിലാ വര്‍ധന കൂടുതലായി അനുഭവപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് മീറ്റിയറോളജി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. സമുദ്രോപരിതല താപനില ഉയരുന്നത്  സമുദ്രനിരപ്പ് ഉയരാൻ കാരണമാകുമെന്നും താപനില വര്‍ധന ഹിമാനികള്‍, സമുദ്രത്തിലെ മഞ്ഞുപാളികള്‍ എന്നിവ ഉരുകുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. ഇത് സമുദ്രനിരപ്പ് വീണ്ടും ഉയരാൻ ഇടവരുത്തുമെന്നും തന്മൂലം ഇന്ത്യയിലുള്‍പ്പെടെ തീരദേശ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാനികള്‍ ഉരുകുന്നതാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കുന്നതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയൻസ് ആന്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മീറ്റിയറോളജി റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. അക്ഷയ് ദിയോരാസ് അഭിപ്രായപ്പെട്ടു. തുടര്‍ച്ചായായുള്ള മഞ്ഞുരുകല്‍ 2023ലെ സിക്കിം പ്രളയം, 2022ലെ പാകിസ്ഥാൻ പ്രളയം പോലുള്ളവ സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 മുതല്‍ 2023 വരെയുള്ള ഒമ്പത് വര്‍ഷങ്ങളില്‍ അതി തീവ്ര താപനില വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്‍നിനോയ്ക്ക് ശേഷം താപനില ഉയരും എന്നതിനാല്‍ 2023ലുണ്ടായ എല്‍നിനോ 2024ല്‍ താപനിലാ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
തെക്കുകിഴക്കൻ ഏഷ്യയില്‍ മഴ കുറയുന്നതിനും കേരളത്തില്‍ മണ്‍സൂണ്‍ വൈകുന്നതിനും എല്‍നിനോ കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ അവസാനത്തില്‍ ഇന്ത്യയില്‍  സിന്ധു നദീ തടത്തിലും മധ്യ മേഖലയിലും സാധാരണ ലഭിക്കുന്നതിന്റെ 94 ശതമാനം മഴയാണ് ലഭിച്ചത്.  2013 മുതല്‍ 2022വരെ സമുദ്രനിരപ്പിലുണ്ടായ വര്‍ധന 1993 മുതല്‍ 2022വരെയുണ്ടായതിന്റെ രണ്ടിരട്ടിയായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിരന്തരമുള്ള സമുദ്രോപരിതല താപനിലാ വര്‍ധനയും ഹിമാനികള്‍ ഉരുകുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഒമ്പത് മാസത്തില്‍ പെയ്ത മഴ കിഴക്കൻ ഏഷ്യ, വടക്കൻ ഏഷ്യ, പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളില്‍ മഴക്കാലത്തനുഭവപ്പെടുന്നതിന്റെ ഇരട്ടിയായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ 50 ശതമാനം കൂടുതലാണെന്നും ഇതാണ് ചൂട് പുറത്തേക്ക് കടക്കാൻ അനുവദിക്കാതെ പിടിച്ചുനിര്‍ത്തുന്നതെന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതല്‍ കാലം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും എന്നതിനാല്‍ കുറച്ചു വര്‍ഷം കൂടി താപനില ഉയര്‍ന്നു നില്‍ക്കുമെന്നും ഡബ്ല്യൂഎംഒ വ്യക്തമാക്കുന്നു.
Eng­lish Sum­ma­ry: 2023 Shat­ters Cli­mate Records
You may also like this video
Exit mobile version