2026 ടി20 ക്രിക്കറ്റ് ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഫെബ്രുവരി ഏഴിന് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും നെതർലാൻഡ്‌സും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണുള്ളത്. ഇരുടീമും ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
ഫെബ്രുവരി ഏഴിന് മുംബൈയില്‍ യുഎസുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. 12ന് ഡല്‍ഹിയില്‍ നമീബിയയുമായും 15ന് കൊളംബോയില്‍ പാകിസ്ഥാനുമായും 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സുമായുമാണ് ഇന്ത്യയുടെ ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍. ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 20 ടീമുകള്‍ പങ്കെടുക്കും. എട്ട് വേദികളിലായി മത്സരങ്ങള്‍ നടക്കും. ഫൈനൽ മാർച്ച് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമിഫൈനലുകളും കൊൽക്കത്തയിലും മുംബൈയിലുമായി നടക്കും. ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശർമ്മ 2026 ടി20 ലോകകപ്പ് ബ്രാൻഡ് അംബാസഡറാകും.

