2026 ഫിഫ ലോകകപ്പാണ് തന്റെ കരിയറിലെ അവസാന ലോകകപ്പെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പിന് ശേഷം ഒരു വര്‍ഷം കൂടി ഫുട്ബോളില്‍ തുടര്‍ന്നേക്കുമെന്നും റൊണാള്‍ഡോ സൂചന നല്‍കി.
‘അടുത്ത വർഷം എനിക്ക് 41 തികയും. പിന്നീടൊരു അഞ്ചുവർഷം കൂടി ദേശീയ കുപ്പായത്തിൽ കളിക്കാനാകില്ല, എന്നാൽ കഴിയുന്ന കാലത്തോളം ഫുട്ബോൾ കളിക്കും- റോണോ കൂട്ടിച്ചേർത്തു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്നത് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പാണ്. യോഗ്യത മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വിജയിക്കാനായാല്‍ പറങ്കിപ്പട ലോകകപ്പിലേക്ക് കടക്കും. പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ 143 ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ കരിയറില്‍ ആകെ 950 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ.
നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസര്‍ താരമാണ് റൊണാള്‍ഡോ. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിയ റൊണാള്‍ഡോ അല്‍ നസറുമായി കരാര്‍ പുതുക്കിയിരുന്നു. കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026ൽ ലോകകപ്പ് ആതിഥേയത്വം വഹിക്കുക.

