ലോക കായിക ഭൂപടത്തില്‍ പുതിയൊരു ചരിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ് സൗദി അറേബ്യ. 2034 ഫിഫ ഫുട്ബോള്‍ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. ആതിഥേയരാകാൻ ഏഷ്യ, ഒഷ്യാനിയ മേഖലകളിൽനിന്നു മാത്രമായിരുന്നു ഫിഫ ബിഡുകൾ ക്ഷണിച്ചത്. ബിഡ് സമര്‍പ്പിച്ചവരില്‍ സൗദി അറേബ്യ മാത്രമായിരുന്നു രംഗത്തുണ്ടായിരുന്നത്. ഓസ്ട്രേലിയ നേരത്തെ തന്നെ അവരുടെ ബിഡില്‍ നിന്നും പിന്മാറി. തുടര്‍ന്നാണ് സൗദിക്ക് നറുക്ക് വീണത്. 2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി. വീണ്ടും ഏഷ്യയിലേക്ക് ഫുട്ബോള്‍ ലോകകപ്പെത്തുമ്പോള്‍ ഖത്തറിനെക്കാള്‍ മികച്ചതാക്കാനാകും സൗദി ശ്രമിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലുള്ള വമ്പന്‍ താരങ്ങളാണ് നിലവില്‍ സൗദി ലീഗില്‍ കളിക്കുന്നത്. അവസാന കുറച്ചു വർഷമായി ഫുട്ബോളിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട് സൗദി. ഡിസംബര്‍ മാസത്തിലാകും സൗദിയിലും ലോകകപ്പ് നടക്കാന്‍ സാധ്യത.