Site iconSite icon Janayugom Online

ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍ ‍

journalistjournalist

ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ 21 മാധ്യമപ്രവര്‍ത്തര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2001ന് ശേഷം ഈ മേഖലയിൽ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാൾ അധികമാണ് 13 ദിവസത്തെ കണക്കെന്നും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് പറഞ്ഞു. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഭൂരിപക്ഷം മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടമായത്.

ഒക്ടോബർ 19 വരെയുള്ള കണക്കുകൾ പ്രകാരം, പലസ്തീൻ, ഇസ്രയേൽ, ലബനീസ് സ്വദേശികളായ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ സ്വദേശികളാണ് ഇതിൽ അധികവും. എട്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും മൂന്ന് പേരെ കാണാതാവുകയോ തടവിലാക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. മാധ്യമസ്ഥാപനങ്ങളുടെ ഓഫിസ് കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ സുപ്രധാന ജോലി ചെയ്യുന്ന സാധാരണക്കാരാണ് മാധ്യമപ്രവര്‍ത്തകരെന്നും അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വലിയ ത്യാഗങ്ങൾ സഹിച്ചാണ് സംഘർഷങ്ങൾ പോലുള്ള സംഭവങ്ങൾ മാധ്യമപ്രവര്‍ത്തകർ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഘടനാ മേധാവി ഷെരീഫ് മൻസൂർ പറഞ്ഞു.

Eng­lish Sum­ma­ry: 21 jour­nal­ists killed in Israel-Hamas conflict

You may also like this video

Exit mobile version