Site iconSite icon Janayugom Online

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 2100 കോടി വായ്‌പ എടുക്കുന്നു

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 2100 കോടി വായ്‌പ എടുക്കുന്നു. നബാർഡിൽനിന്നാണ്‌ വായ്‌പ എടുക്കുന്നത്‌. ഇതുസംബന്ധിച്ച്‌ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (വിസിൽ) നബാർഡും കരാറായി. വിസിലിന്റെ ഓഫിസിൽ എംഡി ദിവ്യ എസ് അയ്യരും നബാർഡ്‌ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പും ചേർന്നാണ്‌ കരാറിൽ ഒപ്പുവച്ചത്‌. 

തുകയുടെ തിരിച്ചടവിന്‌ രണ്ടുവർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 15 വർഷത്തെ കാലാവധിയുണ്ട്‌. വായ്പയ്ക്ക് പ്രതിവർഷം 8.40 ശതമാനമാണ്‌ പലിശ. പുലിമുട്ട്‌ നിർമാണം, തുറമുഖ– റെയിൽ കണക്റ്റിവിറ്റിക്കായി ഭൂമി ഏറ്റെടുക്കൽ, ഭൂഗർഭ റെയിൽ കണക്റ്റിവിറ്റി പദ്ധതിയുടെ പ്രാഥമിക ധനസഹായം എന്നിവയ്‌ക്കായാണ്‌ തുക ‌വിനിയോഗിക്കുക. ഇതോടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത മുഴുവൻ തുകയും ലഭിച്ചതായി വിസിൽ അധികൃതർ പറഞ്ഞു. 

തുറമുഖത്തിന്റെ രണ്ടുമുതൽ നാലുഘട്ടംവരെ ഒറ്റഘട്ടമായാണ്‌ നടക്കുക. ഇതിനുള്ള തുക മുഴുവൻ വഹിക്കേണ്ടത്‌ അദാനികമ്പനിയാണ്‌. ഇതിന്‌ പതിനായിരംകോടി രൂപ ചെലവഴിക്കുമെന്നാണ്‌ സൂചന. 2028 ആകുമ്പോഴേക്കും സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും.

Exit mobile version