Site iconSite icon Janayugom Online

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് 21,000 കോടി, ഗുണം വന്‍കിട തട്ടിപ്പുകാര്‍ക്ക്

പൊതുമേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ) വായ്പ ഇനത്തില്‍ 21,085 കോടി എഴുതിത്തള്ളി. വായ്പാ തട്ടിപ്പുകാരുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടാത്ത പൊതുമേഖല ബാങ്കുകളുടെ പാത പിന്തുടരുന്ന ബാങ്ക്, ഇതില്‍ 10 ശതമാനം തിരിച്ചുപിടിച്ചതായി വിവരാവകാശരേഖയില്‍ പറയുന്നു. ഇത് കേവലം 2,031 കോടിയാണ്. 2016 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് ബാങ്കിന് ശതകോടികളുടെ സഞ്ചിത നഷ്ടം വരുത്തിയ ഇടപാടുകള്‍ നടന്നതെന്ന് മണി ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ വിവേക് വേലങ്കര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കിയ ബാങ്ക് അധികൃതരെ കബളിപ്പിച്ച് മുങ്ങിയ വന്‍കിടക്കാരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. എന്നാല്‍ വീഴ്ചവരുത്തിയ 4,805 പേരുടെ പക്കല്‍ നിന്നും 400 കോടി തിരിച്ചുപിടിച്ചതായി മറുപടി നല്‍കി. 2022–23 സാമ്പത്തിക വര്‍ഷം ചെറുകിടക്കാരുടെ (ഒരു കോടിക്ക് താഴെ) വായ്പ എഴുതിത്തള്ളാത്ത ബാങ്ക് 2016 മുതല്‍ 2023 വരെയുള്ള കാലത്ത് 18,56.87 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്നും 21 ശതമാനം അഥവാ 388.35 കോടി രൂപ തിരിച്ചുപിടിച്ചതായും വ്യക്തമാക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 4,80,111 കോടി രൂപയാണെന്ന് നേരത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ലോണ്‍ നല്‍കരുതെന്ന റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് സെന്‍ട്രല്‍ ബാങ്ക് ഓങ് ഇന്ത്യ ലംഘിച്ചതായി കാണുവാന്‍ സാധിക്കുമെന്ന് വിവേക് വേലങ്കര്‍ പറഞ്ഞു. ബാങ്കിനെ കബളിപ്പിച്ച് വായ്പ തട്ടിപ്പ് നടത്തുവരുടെ വിവരം രഹസ്യമാക്കി വയ്ക്കുന്ന ഇത്തരം നടപടി പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ പാലിക്കുന്നില്ല. തട്ടിപ്പുകാരെ കയറൂരി വിടുന്ന നയം മൂലം നീരവ് മോഡിമാരും, ലളിത് മോഡിമാരും ഇനിയും ഉദയം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

eng­lish sum­ma­ry; 21,000 crore has been writ­ten off by the Cen­tral Bank of India

you may also like this video;

Exit mobile version