ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വളാഞ്ചേരി സ്റ്റേഷനിലെ എസ്ഐ പി ബി ബിന്ദുലാൽ അറസ്റ്റിൽ. അവധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ യു എച്ച് സുനിൽദാസ് ഒളിവിലാണ്. രണ്ടുപേരെയും ഉത്തരമേഖല ഐജി കെ സേതുരാമൻ സസ്പെന്‍ഡ് ചെയ്തു. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്. എസ്ഐമാരായ വാസുദേവൻ, മുഹമ്മദ് അഷറാഫ്, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മാർച്ച് 29ന് പാറമടയിലേക്ക് കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ വളാഞ്ചേരിയില്‍ വച്ച് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ക്വാറി ഉടമ നിസാറിൽ നിന്ന് കൈക്കൂലിയായി 22 ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. കേസിൽപ്പെടുത്തി റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സിഐ എട്ടുലക്ഷവും എസ്ഐ പത്തുലക്ഷവും ഇടനിലക്കാരനായി നിന്ന തിരുവേഗപ്പുറ സ്വദേശി അസൈനാർ നാലുലക്ഷവും വാങ്ങി.
നിസാറിനൊപ്പം സ്ഥലമുടമകളെയും കളേയും അറസ്റ്റ് ചെയ്യുമെന്നും കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും അതനുസരിച്ചാണ് പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. കൊള്ള, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ബിന്ദുലാൽ, അസൈനാർ എന്നിവരെ തിരൂർ മജിസ്ട്രേറ്റ് ജെ ശ്രീജ റിമാൻഡ് ചെയ്തു.
English Summary:22 lakh rupees bribe incident; SI arrested, CI absconding
You may also like this video