Site icon Janayugom Online

സഹകരിച്ചില്ലെങ്കില്‍ പവര്‍ കട്ട് ചെയ്യും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

k krishnankutty

കല്‍ക്കരിക്ഷാമം കേരളത്തേയും ബാധിച്ചു തുടങ്ങിയതിനാല്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയിൽ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് ഇപ്പോള്‍ 30 ശതമാനം വൈദ്യുതിയാണ് ലഭിക്കുന്നത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ലഭിക്കുന്ന സൂചനകളെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ജനങ്ങള്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

കേരളത്തിന് പുറത്തുനിന്നും ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ കഴിഞ്ഞ വ്യാഴാഴ്ചവരെ 220ഉം വെള്ളിയാഴ്ചവരെ 250ഉം മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായെന്നും ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണത്തിന് കാലതാമസമെടുത്തേക്കാമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രപൂളില്‍ നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയാല്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലവൈദ്യുത പദ്ധതികളെയാണ് കേരളം ആശ്രയിക്കുന്നത്. ഇത് ആവശ്യമുള്ളതിന്റെ 20 ശതമാനം മാത്രമാണെന്നും കേന്ദ്ര വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കെ എസ് ഇ ബി അധികൃതരുടെ യോഗം അടുത്ത ആഴ്ച ചേരുമെന്നും ഇതിനു ശേഷമാകും തീരുമാനമെന്നും വൈദ്യുതി കുറവിന്റെ കണക്കുകളും മാക്സിമം ഉത്പാദനവും സോളാര്‍ വൈദ്യുതിയിലേക്കുള്ള മാറ്റവുമാണ് മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിന് ഗുണകരമായതെന്നും മന്ത്രി പറയുന്നു.

 

Eng­lish Sum­ma­ry: 220 MW pow­er short­age; Pow­er cut if peo­ple do not cooperate

 

You may like this video also

Exit mobile version