Site iconSite icon Janayugom Online

ഒരു കിലോ അരിക്ക് 220 രൂപ, എണ്ണയ്ക്ക് 850 രൂപ

ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും ശ്രീലങ്കയെ പിടിമുറുക്കിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 220 രൂപയാണ് വില. ഗോതമ്പിന് കിലോയ്ക്ക് 190 രൂപയാണ്. ഇന്ത്യ ടുഡേയാണ് ശ്രീലങ്കയിലെ അവശ്യസാധനങ്ങളുടെ വിലവിവരപട്ടിക റിപ്പോര്‍ട്ട് ചെയ്തത്. ഒരു കിലോ പ‍ഞ്ചസാരയ്ക്ക് 240 രൂപ, വെളിച്ചെണ്ണ ലിറ്ററിന് 850 രൂപ, ഒരു മുട്ടയ്ക്ക് 30 രൂപ, ഒരോ കിലോയുടെ പാല്‍പ്പൊടിക്ക് 1900 രൂപയുമാണ് വില.

ഫെബ്രുവരിയില്‍ മാത്രം ശ്രീലങ്കയിലെ മൊത്തവിതരണ വിലക്കയറ്റം 17.5 ആയി ഉയര്‍ന്നിരുന്നു. 25 ശതമാനം വരെ അധികവിലയാണ് ഈടാക്കുന്നത്. രാജ്യമെങ്ങും കലാപാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ തെരുവുകളില്‍ പ്രതിഷേധം പടരുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ഭക്ഷണമടക്കമുള്ള സഹായങ്ങളുമായി ശ്രീലങ്കയിലേക്ക് കപ്പലുകള്‍ അയച്ചിട്ടുണ്ട്.

അതിനിടെ രാജ്യത്തെ സമൂഹമാധ്യമ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് ശ്രീലങ്കയിലെ യുവജന കായിക വകുപ്പ് മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകനുമായ നമാൽ രജപക്സെ ആവശ്യപ്പെട്ടു. ഇത്തരം നിരോധനങ്ങൾ തികച്ചും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടഞ്ഞ നടപടിയോട് താൻ ഒരിക്കലും യോചിക്കില്ല. ഉപയോഗശൂന്യമായ നടപടിയാണിതെന്നും കൂടുതൽ പുരോഗമനപരമായി ചിന്തിക്കാൻ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: 220 per kg for rice and Rs. 850 per kg for oil

You may like this video also

Exit mobile version