Site iconSite icon Janayugom Online

2,200 കോടിയുടെ കൈക്കൂലി; അഡാനിമാര്‍ക്ക് നയതന്ത്രചാനല്‍ വഴി സമന്‍സ് കൈമാറും

2,200 കോടിയുടെ കൈക്കൂലി ഇടപാട് കേസില്‍ ഗൗതം അഡാനിക്കും അനന്തരവന്‍ സാഗര്‍ അഡാനിക്കും നേരിട്ട് സമന്‍സ് അയയ‍്ക്കാന്‍ അധികാരമില്ലാത്തതിനാല്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക‍്സ്ചേഞ്ച് കമ്മിഷന്‍ (എസ്ഇസി) നയതന്ത്രചാനല്‍ വഴി കൈമാറുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യന്‍ എംബസി വഴി സമന്‍സ് കൈമാറുന്നതിനുള്ള നയതന്ത്ര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 1965ലെ ഹേഗ് കണ്‍വെന്‍ഷനും ഇന്ത്യയും യുഎസും തമ്മിലുള്ള പരസ‍്പര നിയമസഹായ ഉടമ്പടിയും ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. 

അതിനിടെ കമ്പനിയുടെ ക്രമക്കേടുകളെ കുറിച്ചുള്ള കൂടുതല്‍ രേഖകളും വസ‍്തുതകളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2023ലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഡാനിക്കെതിരെ ഇദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അഡാനി ഗ്രൂപ്പിന്റെ ഹ്രസ്വ വില്പന രീതികളും യുഎസിലെ ആരോപണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നതായി ഹര്‍ജിക്കാരന്‍ വാദിക്കുന്നു. അതിനാല്‍ കൂടുതല്‍ രേഖകള്‍ സ്വീകരിക്കണമെന്നും അമേരിക്കയിലെ കുറ്റപത്രവും പരാതിയും അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

Exit mobile version