Site iconSite icon Janayugom Online

വിദേശത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 222 ഇന്ത്യക്കാര്‍; 84 വിദേശ രാജ്യങ്ങളിലായി 15,067 പേര്‍ തടവില്‍

84 വിദേശ രാജ്യങ്ങളിലായി 15,067 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി കേന്ദ്രം. ഇതില്‍ 222 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. തടവില്‍ കഴിയുന്നവരില്‍ 272 പേര്‍ സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തടവിലുള്ളത് സൗദി അറേബ്യയിലാണ്, 4952. ഇവിടെ 62 പേർ ജീവപര്യന്തമോ വധശിക്ഷയോ വധിക്കപ്പെട്ടിട്ടുള്ളവരാണ്. രണ്ടാം സ്ഥാനത്തുള്ള മലേഷ്യയില്‍ 294 പേരാണ് തടവിലുള്ളത്. ജീവപര്യന്തമോ വധശിക്ഷയോ വിധിക്കപ്പെട്ടിട്ടുള്ളവരുടെ എണ്ണം 47 ആണ്. 

നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇറ്റലി-444, യുകെ-373, യുഎസ്-15 എന്നിങ്ങനെയാണ് ഇന്ത്യന്‍ തടവുകാരുടെ എണ്ണമെന്നാണ് ലഭ്യമായ വിവരങ്ങളെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം വിദേശ രാജ്യങ്ങളിലുളള തടവുകാര്‍ക്ക് ശിക്ഷാ ഇളവ് ലഭിക്കുന്നതിനായി നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയില്ല.

ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ ഉണ്ടാകണമെന്നും, വിദേശത്ത് വധശിക്ഷ വിധിച്ച കേസുകളിൽ സജീവ ഇടപെടലുകള്‍ നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. തുടര്‍ച്ചയായുള്ള പീഡനം സഹിക്കവയ്യാതെ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: 222 Indi­ans sen­tenced to death abroad; 15,067 detainees in 84 for­eign countries
You may also like this video

Exit mobile version