ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ ലക്ഷക്കണക്കിനു രൂപ വില വരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കിൻഫ്ര പാർക്കിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. 2244 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, നിർമിക്കാൻ ഉപയോഗിക്കുന്ന 569 കിലോ പ്ലാസ്റ്റിക് റോൾ, പ്ലാസ്റ്റിക് റോൾ നിർമിക്കാൻ ഉപയോഗിക്കുന്ന 2010 കിലോ എച്ച്ഡിപിഇ ഗ്രാന്യൂൾസ് എന്നിവയാണ് പിടിച്ചെടുത്തത്.
മുമ്പ് ഇവിടെ പ്ലാസ്റ്റിക് ക്യാരിബാഗ് നിർമിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചിരുന്നു. എന്നാൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചതിനെ തുടർന്ന് ഫാക്ടറി പ്രവർത്തനം നിർത്തുകയായിരുന്നു. പിന്നീട് തടി പൊടിക്കുന്ന യൂണിറ്റ് തുറന്നു. ഈ യൂണിറ്റിന്റെ മറവിലാണ് അനധികൃതമായി നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിച്ചിരുന്നത്. വർഷങ്ങളായി ഫാക്ടറി പ്രവർത്തിച്ചിട്ടും പ്ലാസ്റ്റിക് നിർമിക്കുന്ന കാര്യം കിൻഫ്ര അധികൃതർ അറിഞ്ഞിരുന്നില്ല. നിർമിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെ പിടിച്ചെടുത്ത് ഏനാദിമംഗലം പഞ്ചായത്തിനു കൈമാറി. തുടർന്ന് ഫാക്ടറി പൂട്ടി സീൽ ചെയ്തു.

