Site iconSite icon Janayugom Online

മോഡിസര്‍ക്കാരിന്റെ ഭരണകാലം ;സഭയില്‍നിന്നും പുറത്താക്കിയത് 225 പ്രതിപക്ഷ എംപിമാരെ

മോഡി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം പാര്‍ലമെന്റില്‍ നിന്ന് ഇതുവരെയായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത് 225 പ്രതിപക്ഷ എംപിമാരെ ഇതിന്‌ പുറമെ തൃണമൂൽ എംപി മഹുവാ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന്‌ പുറത്താക്കുകയും ചെയ്‌തു. ഒന്നും രണ്ടും യുപിഎ സർക്കാരുകളുടെ കാലത്ത്‌ 53 എംപിമാർ മാത്രമാണ്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടത്‌. അതിൽ ഒരു ബിജെപി അംഗം മാത്രമാണ്‌ ഉൾപ്പെട്ടത്‌. 

അതേ സമയം തെലങ്കാന രൂപീകരണ ബില്ലിനെതിരെയും മറ്റും പ്രതിഷേധിച്ചതിന്റെ പേരിൽ 27 കോൺഗ്രസ്‌ എംപിമാർ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ സസ്‌പെൻഷൻ നേരിട്ടു. നരേന്ദ്രമോഡിയുടെ പത്തുവർഷത്തെ ഭരണകാലയളവിൽ എംപിമാരുടെ സസ്‌പെൻഷൻ തൊട്ടുമുന്നെയുള്ള 10 വർഷത്തേക്കാൾ അഞ്ചിരട്ടിയായി വർധിച്ചു. മോഡി സർക്കാരിന്റെ ഏകാധിപത്യ പ്രവണത തന്നെയാണ്‌ സസ്‌പെൻഷൻ നടപടിയിലുണ്ടായ വർധനവിലും പ്രതിഫലിക്കുന്നത്‌. ഒരു ബിജെപി എംപി പോലും മോഡി ഭരണത്തിൽ സസ്‌പെൻഷൻ നേരിട്ടില്ല. ലോക്‌സഭയിൽ ബിഎസ്‌പി അംഗം ഡാനിഷ്‌ അലിയെ മുസ്ലീം തീവ്രവാദിയെന്നും മറ്റും വിളിച്ചാക്ഷേപിച്ച ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി രമേഷ്‌ ബിദുരിയ്‌ക്കെതിരായി ഒരു നടപടിയുമുണ്ടായില്ല.

ലോക്‌സഭയിൽ പുകബോംബ്‌ പ്രയോഗിച്ചവർക്ക്‌ പാർലമെന്റിലേക്ക്‌ പ്രവേശന പാസ്‌ അനുവദിച്ച ബിജെപിയുടെ മൈസൂർ എംപി പ്രതാപ്‌ സിംഹയ്‌ക്കെതിരെയും നടപടിയില്ല. പ്രതാപ്‌ സിംഹയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്‌തു. ലോക്‌സഭയിലും രാജ്യസഭയിലുമായി 104 എംപിമാരാണ്‌ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ സസ്‌പെൻഷന്‌ ഇരയാക്കപ്പെട്ടത്‌. രണ്ടാം മോഡി സർക്കാരിന്റെ കാലത്ത്‌ ഇതുവരെയായി 151 എംപിമാർ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ എംപിമാർ സസ്‌പെൻഡ്‌ ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ സസ്‌പെൻഷൻ നടപടിയുടെ കാര്യത്തിൽ സർവ്വകാല റെക്കൊർഡിലേക്കാണ്‌ രണ്ടാം മോഡി സർക്കാർ നീങ്ങുന്നത്‌.

രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽ രണ്ട്‌ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തു. 2020 ബജറ്റ്‌ സമ്മേളനത്തിൽ ഏഴ്‌ ലോക്‌സഭാ എംപിമാർ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. അതേ വർഷം വർഷകാല സമ്മേളനത്തിൽ എട്ട്‌ രാജ്യസഭാ എംപിമാർ സസ്‌പെൻഷന്‌ ഇരയായി. 2022 ലെ വർഷകാല സമ്മേളനത്തിൽ സിപിഐ അംഗം അഡ്വ. പി സന്തോഷ്‌കുമാറും ഉൾപ്പെടെ 20 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തു. വിലക്കയറ്റ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടതിനായിരുന്നു നടപടി. അതേ സമ്മേളനത്തിൽ നാല്‌ ലോക്‌സഭാ എംപിമാരും സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. ഈ വർഷം ബജറ്റ്‌ സമ്മേളനത്തിൽ ഒരു രാജ്യസഭാംഗവും വർഷകാല സമ്മേളനത്തിൽ രണ്ട്‌ വീതം രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും സസ്‌പെൻഷന്‌ ഇരകളായി. നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനാണ്‌ ഭൂരിഭാഗം എംപിമാരും നടപടിക്ക്‌ വിധേയരായത്‌.

Eng­lish Summary:
225 oppo­si­tion MPs expelled from the House dur­ing the rule of Modi government

You may also like this video:

Exit mobile version