Site iconSite icon Janayugom Online

23 ലക്ഷത്തിന്റെ പിഎഫ് തട്ടിപ്പ്; റോബിന്‍ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറണ്ട്

ബംഗളൂരു: പ്രോവിഡന്‍സ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണൽ കമ്മിഷണർ ശദാക്ഷരി ​ഗോപാൽ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
ഈ മാസം നാലിന് അയച്ച കത്തിൽ വാറണ്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് പിഎഫ് റീജിയണൽ കമ്മിഷണർ പൊലീസിനോട് അറിയിച്ചു. എന്നാൽ പുലകേശിന​ഗറിലെ വസതിയിൽ ഉ­ത്തപ്പ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വാറണ്ട് തിരിച്ചയച്ചെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഒരു വര്‍ഷമായി കുടുംബത്തോടൊപ്പം ദു­ബായിലാണ് താരം താമസിക്കുന്നത്. റോബിൻ ഉത്തപ്പയെ ഈ മാസം 27നകം അറസ്റ്റ് ചെയ്യാനും വാറണ്ട് തിരികെ നൽകാനുമാണ് പോലീസിന് നിർദേശം നൽകിയിട്ടുള്ളത്. ഒമ്പത് വർഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് പാതി മലയാളി കൂടിയായ ഉത്തപ്പ. ഏകദിനത്തിൽ934 റൺസും, ടി20യിൽ 249 റൺസും നേടി. കേരളത്തിന് വേണ്ടിയും ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ പാഡണിഞ്ഞിട്ടുണ്ട്. 

Exit mobile version