Site iconSite icon Janayugom Online

സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

കല്‍പറ്റ ‑പടിഞ്ഞാറത്തറ റോഡില്‍ വെയര്‍ഹൗസിന് സമീപം സ്വകാര്യ ബസും ദോസ്ത് പിക്കപ് വാനും കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കല്‍പറ്റയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസില്‍ എതിരെ വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

മുന്നിലുണ്ടായിരുന്ന വാഹനം പെട്ടന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ പിക്കപ്പ് വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. വളവും ഇറക്കവുമുള്ള ഭാഗത്ത് മഴ കൂടി പെയ്തത് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമായിട്ടുണ്ട്. പെട്ടന്നുണ്ടായ അപകടത്തില്‍ ബസിലുണ്ടായ യാത്രക്കാര്‍ വീണും കമ്പിയിലും സീറ്റിലും മറ്റും ഇടിച്ചുമാണ് പരിക്കേറ്റിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പൊലീസെത്തിയാണ് റോഡില്‍ നിന്നും ഇരുവാഹനങ്ങളും നീക്കം ചെയ്തത്. പിക്കപ്പ് വാന്‍ മറ്റൊരു വാഹനത്തില്‍ കെട്ടി വലിച്ചാണ് നീക്കിയത്. അതേസമയം ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവാണെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റയിലേക്ക് വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് വരുന്നതെന്നും വളവായതിനാല്‍ അപകട സാധ്യത കൂടുതലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Exit mobile version