ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിലെ 24 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. ഫെബ്രുവരി 20ന് സുപ്രീം കോടതി ട്രംപിന്റെ മുൻപത്തെ തീരുവകൾ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നിയമ അധികാരം ഉപയോഗിച്ച് അദ്ദേഹം വീണ്ടും തീരുവ പ്രഖ്യാപിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ന്യൂയോർക്ക്, കാലിഫോർണിയ, ഒറിഗൺ തുടങ്ങിയ ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് തീരുവകൾ അത്യാവശ്യമാണെന്നാണ് ട്രംപിന്റെ നിലപാട്. മുൻപ് ‘അടിയന്തരാവസ്ഥാ നിയമം’ ഉപയോഗിച്ച് ഏർപ്പെടുത്തിയ തീരുവകൾ കോടതി തള്ളിയതോടെ, 1974ലെ ട്രേഡ് ആക്റ്റിലെ ‘സെക്ഷൻ 122’ ഉപയോഗിച്ചാണ് അദ്ദേഹം പുതിയ ഉത്തരവിറക്കിയത്. ഇതാദ്യമായാണ് ഈ വകുപ്പ് ഒരു പ്രസിഡന്റ് പ്രയോഗിക്കുന്നത്. ഇത് പ്രകാരം 15 ശതമാനം വരെ തീരുവ അഞ്ച് മാസത്തേക്ക് ചുമത്താൻ പ്രസിഡന്റിന് അധികാരമുണ്ട്.
എന്നാൽ, വ്യാപാരക്കമ്മി നികത്താനല്ല, മറിച്ച് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ മാത്രമാണ് ഈ വകുപ്പ് ഉപയോഗിക്കേണ്ടതെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു. വിദേശ രാജ്യങ്ങൾക്ക് ഡോളറിന് പകരം സ്വർണ്ണം വാങ്ങാൻ സാധിച്ചിരുന്ന പഴയ കാലത്തെ നിയമം ട്രംപ് ദുരുപയോഗം ചെയ്യുകയാണെന്ന് ഒറിഗൺ അറ്റോർണി ജനറൽ ഡാൻ റേഫീൽഡ് ആരോപിച്ചു. കോൺഗ്രസിനെ നോക്കുകുത്തിയാക്കി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ സാമ്പത്തിക നയം അമേരിക്കൻ ജനതയ്ക്കും ബിസിനസുകൾക്കും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ട്രംപിന്റെ പഴയ തീരുവകൾ പ്രകാരം പണമടച്ച കമ്പനികൾക്ക് അത് തിരികെ നൽകണമെന്ന് കഴിഞ്ഞ ദിവസം ഒരു ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുവകൾക്കെതിരെയും നിയമയുദ്ധം മുറുകുന്നത്.

