Site iconSite icon Janayugom Online

പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഇടം പിടിച്ചത് 2,49,540 പേര്‍

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഇടം പിടിച്ചത് 2,49,540 പേര്‍. ഒന്നാം അലോട്ട്മെന്റിന് ശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,507 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റില്‍ 4,63,686 അപേക്ഷകളാണ് ലഭിച്ചത്. കൂടാതെ മറ്റ് ജില്ലകളില്‍ നിന്ന് 45,851 അപേക്ഷകരുമുണ്ട്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ 4,42,012 സീറ്റുകൾ സംസ്ഥാനത്തുണ്ട്. അലോട്ട്മെന്റ് ലഭിച്ചവര്‍ ഇന്ന് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങള്‍ക്ക് വെബ്സൈറ്റ് : https://hscap.kerala.gov.in.

രണ്ടാമത്തെ അലോട്ട്മെന്റ് 10നും മൂന്നാമത്തെ അലോട്ട്മെന്റ് 16നും പ്രസിദ്ധീകരിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് 18ന് ക്ലാസ് ആരംഭിക്കും.
ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഫീസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം സ്കൂളില്‍ അടയ്ക്കണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കണ്ട. ഇവര്‍ക്ക് ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളില്‍ നൽകണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവർ മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിന് പുതിയ അപേക്ഷ സമർപ്പിക്കണം. 

മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാല്‍ അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കണം. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (എംആര്‍എസ്) ആദ്യ അലോട്ട്മെന്റില്‍ 1314 പേര്‍ ഇടം നേടി. മൊത്തം 1529 സീറ്റാണ് സംസ്ഥാനത്തുള്ളത്. ആദ്യ അലോട്ട്മെന്റിന് ശേഷം 215 ഒഴിവുകളുണ്ട്. അപേക്ഷകർ വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോ​ഗിനില്‍ എംആര്‍എസ് എന്നതിലൂടെ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരം പരിശോധിക്കാം. സ്‌പോർട്സ് ക്വാട്ട ആദ്യഘട്ട അലോട്ട്മെന്റില്‍ 6,121 പേര്‍ ഇടം പിടിച്ചു. ആകെയുള്ള 8,199 സീറ്റിലേക്ക് 8,040 അപേക്ഷകളാണ് ലഭിച്ചത്. ആദ്യ അലോട്ട്മെന്റിന് ശേഷം 2,078 സീറ്റൊഴിവുണ്ട്. വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോ​ഗിന്‍ സ്പോര്‍ട്സില്‍ ലഭിക്കും. എസ്എസ്എൽസി പുനഃപരിശോധനാ റിസൾട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റില്‍ ഇടം നേടിയവര്‍ വ്യാഴാഴ്ച വൈകിട്ട് നാലിനകം പ്രവേശനം നേടണം. വെബ്സൈറ്റ് : www.vhscap.kerala. gov.in.

Exit mobile version