Site iconSite icon Janayugom Online

ബിജെപിയില്‍ ചേര്‍ന്ന 25 അഴിമതിക്കാര്‍ ‘വിശുദ്ധരായി’

പ്രതിപക്ഷത്ത് നിന്ന് മറുകണ്ടം ചാടി ബിജെപി പളയത്തില്‍ അഭയം പ്രാപിച്ച 25ല്‍ 23 നേതാക്കളുടെയും പേരിലുള്ള അഴിമതി കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2014 മുതല്‍ ബിജെപിയിലും എന്‍ഡിഎ സഖ്യത്തിലും ചേര്‍ന്ന നേതാക്കളുടെ പേരിലുള്ള അഴിമതി കേസുകളാണ് വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രഹസ്യമായി എഴുത്തള്ളിയത്. 25 നേതാക്കളില്‍ മുന്‍ കോണ്‍ഗ്രസ് എംപി ജ്യോതി മിര്‍ധ, തെലുങ്ക് ദേശം പാര്‍ട്ടി എംപി വൈ എസ് ചൗധരി എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇവര്‍ക്കമെതിരായ കേസുകളും അവസാനിപ്പിക്കുകയോ മരവിപ്പിക്കുകയോ ചെയ്തതായി സൂചനയുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ, രണീന്ദര്‍ സിങ്, കൃപാശങ്കര്‍ സിങ്, മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, നവീന്‍ ജിന്‍ഡാള്‍, അര്‍ച്ചന പാട്ടീല്‍, ഗീത കോഡ, ബാബ സിദ്ദിഖി, ജ്യോതി മിര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ സിബിഐ‑ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ എഴുതിത്തള്ളി.

എന്‍സിപിയില്‍ നിന്നുള്ള യാമിനി യാദവ്, യശ്വന്ത് ജാദവ്, ഭാവന ഗാവ്‌ലി, പ്രതാപ് സര്‍നായിക്, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി, തപസ് റോയ്, സോവന്‍ ചാറ്റര്‍ജി, തെലുങ്ക് ദേശത്തില്‍ നിന്നുള്ള സുജന ചൗധരി, സി എം രമേഷ്, സമാജ് വാദി പാര്‍ട്ടിയില്‍ നിന്നുള്ള സഞ്ജയ് സേത്ത്, വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കെ ഗീത എന്നിവര്‍ക്കെതിരെയുള്ള അഴിമതി കേസുകളും അന്വേഷണ ഏജന്‍സികള്‍ ഉപേക്ഷിച്ചു.മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ എഴുതിത്തള്ളിയത്. ഉദ്ധവ് താക്കറെ-എന്‍സിപി ഭരണം അട്ടിമറിക്കുന്നതിനായാണ് ഇവിടെ മോഡിയും അന്വേഷണ ഏജന്‍സികളും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയത്.
പ്രതിപക്ഷത്തായിരുന്ന വേളയില്‍ ഈ നേതാക്കളെ അഴിമതിക്കാരെന്ന് മുദ്രകുത്തിയ ബിജെപിയാണ് ഇവരെ സ്വന്തം പാളയത്തിലെത്തിച്ച് വിശുദ്ധരാക്കി മാറ്റിയതെന്നതാണ് വിചിത്രം. 

Eng­lish Sum­ma­ry: 25 cor­rupt peo­ple who joined BJP became ‘saints’

You may also like this video

Exit mobile version