Site iconSite icon Janayugom Online

25 കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്‌ തട്ടിപ്പ്‌: മൂന്ന്‌ പേർ പിടിയിൽ

രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ് കേസ്സിലെ പ്രധാന പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. 25 കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മുഖ്യ കണ്ണികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ രതീഷ് പി കെ (39), അന്‍സര്‍ വി (39), അനീസ് റഹ്‌മാന്‍ (25) എന്നിവരാണ് സൈബര്‍ പൊലീസ് വലയില്‍ വീണത്. ക്യാപ്പിറ്റലക്‌സ്. കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
2023 മാര്‍ച്ച് മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഫോണ്‍ കോളുകളും ടെലഗ്രാം ചാറ്റിംഗുകളും വെബ്‌സൈറ്റ് ആപ്ലിക്കഷനുകളും വഴിയുമാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഫേസ്ബുക്ക് പരസ്യം വഴിയാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്നും പണം തട്ടിയത്. ക്യാപ്പിറ്റലക്‌സ് എന്ന കമ്പനിയുടെ പേരില്‍ വ്യാജഷെയര്‍ ട്രേഡിങ്ങിലൂടെ പെട്ടെന്ന് ലഭിക്കുന്ന ഉയര്‍ന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ നിരവധി പേരില്‍ നിന്നും കൈവശപ്പെടുത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. 40 ബാങ്ക് അക്കൗണ്ട് രേഖകള്‍, 250 സിം കാര്‍ഡുകള്‍, 40 മൊബൈല്‍ ഫോണുകള്‍, നിരവധി ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാര്‍ഡുകള്‍, തുടങ്ങിയവയും കോഴിക്കോടുള്ള ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തു.

Exit mobile version