Site icon Janayugom Online

കൊരട്ടിയിൽ 25 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി

കൊരട്ടിയിൽ പൊലീസിന്റെ റെക്കോഡ് മയക്കുമരുന്നുവേട്ട. 25 കോടിയുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ ഡാഡിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആന്ധ്രയിലെ പാഡേരുവിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന 12 കിലോയോളം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശികളായ ലിഷൻ (35), അനൂപ് (32), പത്തനംതിട്ട സ്വദേശി നാസിം (32) എന്നിവരാണ് പിടിയിലായത്. പിടിയിലായ ലിഷൻ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്.

കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീൻ കഞ്ചാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന മേൽത്തരം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. 150 കിലോഗ്രാം കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നതെന്നും പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ 25 കോടിയോളം രൂപ വില വരുമെന്നും പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ആന്ധ്രയിൽ നിന്ന് വിനോദയാത്ര സംഘം എന്ന രീതിയിൽ ആഡംബര കാറുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്നിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, തൃശൂർ റേഞ്ച് ഡിഐജി എ അക്ബർ , ജില്ലാ പോലീസ് മേധാവി ഐശ്യര്യ പ്രശാന്ത് ദോങ്ഗ്രേ എന്നിവരുടെ നിർദേശാനുസരണം ദേശീയ പാതകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്നംഗസംഘത്തെ ചാലക്കുടി ഡിവൈഎസ്‍പി സി ആർ സന്തോഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി 1000 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.

eng­lish sum­ma­ry; 25 crore worth of hashish oil seized in Koratti

you may also like this video;

Exit mobile version