ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികളുടെ 2500 കോടിയുടെ ലാഭവിഹിതം റഷ്യന്‍ ബാങ്കുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഒഎന്‍ജിസി വിദേശ് (ഒവിഎല്‍), ഓയില്‍ ഇന്ത്യ (ഒഐഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോ റിസോഴ്സ് (ബിപിആര്‍എല്‍) എന്നീ കമ്പനികള്‍ റഷ്യന്‍ കമ്പനികളില്‍ നടത്തിയ നിക്ഷേപത്തിന്റെ ലാഭ വിഹിതമാണ് കെട്ടിക്കിടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) സംവിധാനത്തില്‍ നിന്ന് റഷ്യയെ പുറത്താക്കുകയും ചെയ്തു.
നാല് കമ്പനികളും കൂടി 546 കോടി ഡോളറിന്റെ നിക്ഷേപമാണ് റഷ്യയില്‍ നടത്തിയിരിക്കുന്നത്. വാങ്കോര്‍നെഫ്റ്റ് ഓയിലിലും എണ്ണപ്പാടങ്ങളിലെ 49.9 ശതമാനം ഓഹരിയും ടിഎഎസ്-യുരിയാഖ് നെഫ്റ്റ്ഗ്യാസോഡൊബൈചയിലെ 29.9 ശതമാനവും ഇതില്‍ ഉള്‍പ്പെടും. കമ്പനികള്‍ കൃത്യമായി ലാഭവിഹിതം നല്‍കുന്നുണ്ടെന്നും ഇവ റഷ്യയിലെ അക്കൗണ്ടില്‍ കിടക്കുകയാണെന്നും ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രഞ്ജിത്ത് സിങ് പറഞ്ഞു. ഉപരോധം നിലനില്‍ക്കെ റഷ്യന്‍ അക്കൗണ്ടുകളില്‍ നിന്നുള്ള പണം ഇന്ത്യന്‍ കമ്പനികള്‍ക്ക് എത്തിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ ആലോചിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
English Summary;2500 crores of Indian companies are stuck in Russia
You may also like this video