Site iconSite icon Janayugom Online

26/11 മുംബൈ ഭീകരാക്രമണക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട ഫഹീം അൻസാരിക്ക് പൊലീസ് ക്ലിയറൻസ്/സ്വഭാവ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഏത് ജോലിയും ചെയ്യാം

26/11 മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫഹീം അൻസാരിക്ക് പൊലീസ് ക്ലിയറൻസ്/സ്വഭാവ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഏത് ജോലിയും ചെയ്യാമെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ. 166 പേരുടെ മരണത്തിനും 300ല്‍ അധികം ആളുകൾക്ക് പരിക്കേറ്റതുമായ ഭീകരാക്രമണത്തിന്റെ 17-ാം വാർഷികത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജനുവരിയിലാണ് അൻസാരി ഹൈക്കോടതിയെ സമീപിച്ചത്. നിരോധിത ഭീകര സംഘടനയിലെ സജീവ അംഗമാണ് എന്ന് സംശയിക്കുന്നതിനാൽ അൻസാരി ഇപ്പോഴും നിരീക്ഷണത്തിലാണെന്നും പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ സർക്കാർ അപേക്ഷ നിരസിച്ചിരുന്നു.

ഇതിനു പിന്നാലെ പൊലീസ് ക്ലിയറൻസ്/സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമല്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഏത് ജോലിയും അൻസാരിക്ക് ചെയ്യാമെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. നിരോധിത ഭീകര സംഘടനയുമായി അൻസാരിക്കുള്ള ബന്ധത്തെക്കുറിച്ചുള്ള രഹസ്യാത്മക റിപ്പോർട്ട് പോലീസ് സമർപ്പിച്ചതിനാൽ വിഷയത്തില്‍ വാദം കേൾക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഹൈക്കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

Exit mobile version