Site iconSite icon Janayugom Online

ഭോപ്പാലിൽ അനധികൃതമായി നടത്തി വന്നിരുന്ന അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി

മധ്യപ്രദേശിലെ ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. അനധികൃതമായി നടത്തി വന്നിരുന്ന അനാഥാലയത്തിൽ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പർവാലിയ ഏരിയയിലെ അഞ്ചൽ ഗേൾസ് ഹോസ്‌റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയത്.

സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. കാണാതായ പെൺകുട്ടികളെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്‌ടർ അനിൽ മാത്യുവിനോട് ചോദിച്ചപ്പോൾ തൃപ്‌തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്. ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്.

മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന അനാഥാലയത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

തെരുവിൽ നിന്നും ഇവർ നിരവധി കുട്ടികളെ രക്ഷപ്പെടുത്തിയെന്നും, ശേഷം ഇവിടെ ലൈസൻസില്ലാതെ പാർപ്പിച്ചിരുന്നുവെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനുങ്കോ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇവരിൽ പലരെയും രഹസ്യമായി ക്രിസ്ത്യൻ മതം പിന്തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നുമാണ് ലഭ്യമായ റിപ്പോർട്ടുകൾ.

Eng­lish Sum­ma­ry: 26 Girls Miss­ing From Ille­gal Bhopal Hostel
You may also like this video

Exit mobile version