നാവികസേനയ്ക്ക് 26 റഫേല്‍ യുദ്ധ വിമാനങ്ങളും മൂന്ന് സ്കോര്‍പ്പീൻ ക്ലാസ് സബ്മറൈനുകളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം ആദ്യ ഘട്ട അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫ്രാൻസ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കരാര്‍.
ഡിഫൻസ് അക്വസിഷൻ കൗണ്‍സില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള അംഗീകാരം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. രണ്ട് സീറ്റുകളുള്ള നാല് റഫാല്‍ മറൈന്‍ പരിശീലനവിമാനങ്ങള്‍, ഏക സീറ്റുള്ള 22 റഫാല്‍ മറൈന്‍ യുദ്ധ വിമാനങ്ങള്‍ എന്നിവയാണ് വാങ്ങുക. ദസ്സോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.
പ്രോജക്റ്റ് 75 ന്റെ ഭാഗമായി ഇന്ത്യയുടെ മസഗാവോണ്‍ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ഫ്രാൻസിന്റെ നാവിക സംഘത്തിന്റെ സഹായത്തോടെ മൂന്ന് സ്കോര്‍പ്പീൻ ക്ലാസ് സബ്മറൈനുകള്‍ നിര്‍മ്മിക്കുന്നതിനും അംഗീകാരം നല്‍കി. 80,000 കോടി രൂപയാണ് കരാര്‍ തുകയെന്നാണ് അനൗദ്യോഗിക വിവരം.
കഴിഞ്ഞ നാല് ദശാബ്ദമായി ഇന്ത്യ ഫ്രഞ്ച് യുദ്ധ വിമാനങ്ങളെയാണ് ആശ്രയിക്കുന്നുണ്ട്. 2015ല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് 1980കളില്‍ വാങ്ങിയ മിറാഷ് ജെറ്റുകളാണ് വ്യോമ സേനയുടെ രണ്ട് സ്ക്വാഡ്രണുകള്‍. 2005ല്‍ 18,800 കോടി രൂപയ്ക്ക് ആറ് സ്കോര്‍പ്പീൻ ക്ലാസ് ഡീസല്‍ സബ്മറൈനുകളും ഇന്ത്യ ഫ്രാൻസില്‍ നിന്നും വാങ്ങിയിട്ടുണ്ട്.

