Site iconSite icon Janayugom Online

ദക്ഷിണ കൊറിയയില്‍ 261 പേരെ ലൈംഗികമായി ചൂഷണം ചെയ്തു; സെക്സ് ക്രൈം സംഘതലവന് ജീവപര്യന്തം തടവ്

ദക്ഷിണ കൊറിയയില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ 261 പേരെ ലൈംഗികമായി ചൂഷണം ചെയ്ത ടെലഗ്രാം വഴി പ്രവർത്തിച്ചിരുന്ന സെക്സ് ക്രൈം സംഘത്തിന്റെ നേതാവിന് ജീവപര്യന്തം തടവ്. 33കാരനായ കിം നോക് വാനിനാണ് തടവുശിക്ഷ വിധിച്ചത്. ഈ സംഘം ഇരകളെ ബ്ലാക്ക്മെയിൽ ചെയ്തശേഷം അശ്ലീല കണ്ടന്റുകൾ നിർമ്മിക്കുകയും അത് ഓൺലൈൻ ചാറ്റ് റൂമുകളിൽ പങ്കിടുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ സൈബർ ലൈംഗിക ചൂഷണത്തിന് ഇരയായ കേസാണിത്.

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളും കിം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. ക്രിമിനൽ സംഘടന രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക, ലൈംഗികമായി ആളുകളെ ചൂഷണം ചെയ്യുന്നതും, നിയമവിരുദ്ധമായി ചിത്രീകരിച്ചതുമായ കണ്ടന്റുകൾ വിതരണം ചെയ്യുക എന്നീ കുറ്റങ്ങൾക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് കിം തന്റെ ചൂഷണത്തിനിരയാക്കിയ പലരേയും കണ്ടെത്തിയത്. അവരെ പിന്നീട് ടെലിഗ്രാമിലേക്ക് ആകർഷിക്കുകയും പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ താൽപ്പര്യം പ്രകടിപ്പിച്ച പുരുഷന്മാരെയും ലൈംഗികകാര്യങ്ങളിൽ കൗതുകം പ്രകടിപ്പിക്കുന്ന സ്ത്രീകളെയുമാണ് അയാൾ സമീപിച്ചത്. തുടർന്ന് അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അധികാരികളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇവരിൽ പലരേയും പിന്നീട് പുതിയ ഇരകളെ കണ്ടെത്താൻ ഉപയോ​ഗിക്കുകയായിരുന്നു. ടെല​ഗ്രാം ദക്ഷിണ കൊറിയൻ പൊലീസുമായി സഹകരിക്കുന്ന ആദ്യത്തെ കേസാണിത്.

 

Exit mobile version