അമേരിക്കയിലെ സിയാറ്റിലിൽ അമിതവേഗതയിലെത്തിയ പൊലീസ് ഓഫീസറുടെ വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 260 കോടി രൂപ) നഷ്ടപരിഹാരം. 2023 ജനുവരി 23നാണ് സിയാറ്റിലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാൻവി കണ്ടുല (23) മരിച്ചത്. മണിക്കൂറിൽ 119 കിലോ മീറ്റര്‍ വേഗതയിൽ വാഹനം ഓടിച്ച പൊലീസ് ഓഫീസർ ഓഫീസർ കെവിൻ ഡേവ് ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 100 അടി ദൂരത്തേക്ക് തെറിച്ചുപോയ ജാൻവി തൽക്ഷണം മരിച്ചു. സിയാറ്റിൽ നഗരസഭയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.
ജാൻവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം കണ്ടുലയുടെ കുടുംബത്തിന് ആശ്വാസമായേക്കുമെന്ന് സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പറഞ്ഞു. നഷ്ടപരിഹാര തുകയുടെ ഏകദേശം 20 മില്യൺ ഡോളറും നഗരത്തിന്റെ ഇൻഷുറൻസ് വഴി ലഭ്യമാകുമെന്നാണ് കരുതുന്നത്.
അപകടത്തിന് പിന്നാലെ ഡാനിയൽ ഔഡറർ എന്ന മറ്റൊരു പൊലീസ് ഓഫീസർ നടത്തിയ പരാമർശങ്ങൾ പിന്നീട് വിവാദമായിരുന്നു. പുറത്തുവന്ന വീഡിയോയിൽ സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ ഔഡറർ ചിരിക്കുന്നത് കേൾക്കാമായിരുന്നു. ഇത് കടുത്ത പൊതുജനരോഷത്തിനും പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധങ്ങൾക്കും കാരണമായി. ഔഡററിനെ സർവീസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.

