നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ സമനിലയായതോടെയാണ് മുംബൈ കിരീടം നേടിയത്. 15-ാം തവണയാണ് മുംബൈ ജേതാക്കളാവുന്നത്. ഇറാനി കപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജേതാക്കൾ എന്ന റെക്കോഡ് കൂടിയാണിത്. 2023- 2024 സീസണിലെ രഞ്ജി ചാമ്പ്യന്മാരായ മുംബൈ 97–98 സീസണിനു ശേഷം എട്ടാമത്തെ പ്രാവശ്യമാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്. 1997- 98 സീസണിലായിരുന്നു മുംബൈ അവസാനമായി ഇറാനി കപ്പിൽ മുത്തമിട്ടത്.
ഒന്നാം ഇന്നിങ്‌സില്‍ 121 റണ്‍സ് ലീഡ് നേടിയ മുംബൈ അഞ്ചാം ദിനം 153–6 എന്ന സ്കോറിലാണ് ക്രീസിലിറങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിലെ ആദ്യ ഇന്നിങ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനെ(17) നഷ്ടമായ മുംബൈക്ക് തൊട്ടു പിന്നാലെ ഷാര്‍ദ്ദുല്‍ ഠാക്കുറിനെയും(രണ്ട്) നഷ്ടമായി. ഇതോടെ റെസ്റ്റ് ഓഫ് ഇന്ത്യ വിജയപ്രതീക്ഷയിലായി. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ 292 റണ്‍സിന്റെ ലീഡ് മാത്രമായിരുന്നു മുംബൈക്ക് ഉണ്ടായിരുന്നത്. എന്നാല്‍ എട്ടാമനായി ക്രീസിലെത്തിയ തനുഷ് കൊടിയാന്‍ മൊഹിത് അവാസ്തിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ പൊലിഞ്ഞു. കൊടിയാന്‍ 150 പന്തില്‍ 114 റണ്‍സുമായും അവാസ്തി 93 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത ഒമ്പതാം വിക്കറ്റിൽ ഇരുവരും 158 റൺസ് കൂട്ടിച്ചേർത്തു.
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി സാരാൻഷ് ജെയിൻ 28 ഓവറിൽ 121 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മാനവ് സുതർ 28 ഓവറിൽ 78 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. നാല് വിക്കറ്റ് നഷ്ടത്തിൽ 289 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യയെ മുന്നോട്ടുനയിച്ചത് അഭിമന്യു ഈശ്വരനും (191) ധ്രുവ് ജുറേലും (93) ചേർന്നാണ്. അഞ്ചാം വിക്കറ്റിൽ 163 റൺസ് നേടിയ ഈ കൂട്ടുകെട്ട് ഷംസ് മുലാനി പൊളിച്ചതോടെ ലീഡിനായുള്ള റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. ഒന്നാം ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ സർഫറാസ് ഖാനാണ് കളിയിലെ താരം.