Site iconSite icon Janayugom Online

രാജ്യത്ത് 275 കസ്റ്റഡി ബലാത്സംഗങ്ങള്‍; മുന്നില്‍ യുപി

2017 മുതല്‍ 2022 വരെ രാജ്യത്ത് 275 കസ്റ്റഡി ബലാത്സംഗങ്ങള്‍. ഉത്തര്‍ പ്രദേശ് ആണ് ഇത്തരം സംഭവങ്ങളില്‍ മുന്നിലെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട കണക്കുകളിലുണ്ട്.
കസ്റ്റഡിയിലായിരിക്കുന്ന വനിതാ കുറ്റവാളികളെ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളാണിവ. പൊലീസ് ഉദ്യോഗസ്ഥര്‍, സായുധ സേനാ അംഗങ്ങള്‍, ജയിലുകള്‍, റിമാന്‍ഡ് ഹോമുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരാണ് ഇത്തരം സംഭവങ്ങളിലെ പ്രതികള്‍.

2017ല്‍ 89, 2018ല്‍ 60, 2019ല്‍ 47, 2020ല്‍ 29, 2021ല്‍ 26, 2022ല്‍ 24 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കസ്റ്റഡി ബലാത്സംഗ കേസുകളുടെ കണക്കുകള്‍. കാലക്രമേണ കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. അഞ്ച് വര്‍ഷകാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. 92 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അധികാരികളുടെ ദുര്‍വിനിയോഗം, പൊലീസുകാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിലെ അഭാവം, ഇരകള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇത്തരം കേസുകള്‍ ഉണ്ടാകാന്‍ കാരണം. ഇതിന്റെ മൂലകാരണങ്ങളും അനന്തരഫലങ്ങളും ഫലപ്രദമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ പറഞ്ഞു.

Eng­lish Sum­ma­ry: 275 cus­to­di­al rapes in the coun­try; Uttarpradesh ahead
You may also like this video

Exit mobile version