Site iconSite icon Janayugom Online

27-ാം ഭരണഘടനാ ഭേദഗതി; പാക് സുപ്രീം കോടതി ജഡ്ജിമാര്‍ രാജിവച്ചു

27-ാം ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ പാകിസ്ഥാൻ സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാർ രാജിവച്ചു, പുതിയ മാറ്റങ്ങൾ ഭരണഘടനയ്‌ക്കെതിരായ ഗുരുതരമായ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും രാജി. പ്രസിഡന്റ് ആസിഫ് അലി സർദാരി നിയമ ഭേദഗതിയിൽ ഒപ്പുവച്ചതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ജസ്റ്റിസുമാരായ അത്തർ മിനള്ളയും മൻസൂർ അലി ഷായും സ്ഥാനമൊഴിഞ്ഞത്.

27-ാം ഭേദഗതി സുപ്രീം കോടതിയെ തകർക്കുന്നു, ജുഡീഷ്യറിയെ എക്സിക്യൂട്ടീവ് നിയന്ത്രണത്തിന് വിധേയമാക്കുന്നു. ഭരണഘടനാ ജനാധിപത്യത്തിന്റെ കാതലായ ഭാഗത്ത് തന്നെ ആക്രമണം നടത്തുന്നുവെന്നും ജസ്റ്റിസ് ഷാ പ്രസിഡന്റിന് അയച്ച രാജി കത്തിൽ എഴുതി. ഇത്രയും ദുര്‍ബലമായ കോടതിയിൽ സേവനമനുഷ്ഠിക്കുന്ന തനിക്ക് ഭരണഘടനയെ സംരക്ഷിക്കാൻ കഴിയില്ല, അതിനെ വികൃതമാക്കിയ ഭേദഗതിയുടെ ജൂഡീഷ്യല്‍ പരിശോധന നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പാകിസ്ഥാൻ ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിക്ക് പകരം പുതിയതായി രൂപീകരിക്കുന്ന ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി (എഫ്‌സിസി) കെെകാര്യം ചെയ്യുമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. എഫ്‌സിസി ജഡ്ജിമാരെ സർക്കാർ നിയമിക്കും. ജുഡീഷ്യറിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണിതെന്ന് നിരീക്ഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനും ജനങ്ങൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാനും എഫ്‌സിസി സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. 

Exit mobile version