Site iconSite icon Janayugom Online

രണ്ടരവര്‍ഷത്തിനിടെ വിദേശത്ത് ജോലി തേടിയവര്‍ 28.5 ലക്ഷം

രണ്ടരവര്‍ഷത്തിനിടെ 28 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പോയതായി കേന്ദ്ര സര്‍ക്കാര്‍. ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമില്ല, യാത്രയുടെ ഉദ്ദേശ്യം ‘സാധാരണയായി യാത്രക്കാരുടെ വാക്കാലുള്ള വെളിപ്പെടുത്തലിലൂടെയോ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് അവര്‍ പോകുന്ന രാജ്യത്തിന്റെ വിസയുടെ തരം അടിസ്ഥാനമാക്കിയോ ആണ് ശേഖരിക്കുന്നത്.

2020 ജനുവരി ഒന്നിനും 2022 ജൂലൈ 27നും ഇടയില്‍ വിദേശത്തേക്ക് പോയവരില്‍ തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയതോ അല്ലെങ്കില്‍ പോകുന്ന രാജ്യത്തിന്റെ തൊഴില്‍ വിസ അനുസരിച്ചോ കണക്കാക്കിയ ഇന്ത്യക്കാരുടെ എണ്ണം 28.51 ലക്ഷമാണ്. 2020ല്‍ 7.15 ലക്ഷം ഇന്ത്യക്കാര്‍ ജോലിക്കായി വിദേശത്തേക്ക് പോയപ്പോള്‍ 2021ല്‍ ഇത് 8.33 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ അവസാനം വരെ 13.02 ലക്ഷം ഇന്ത്യക്കാരാണ് ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്. 

എമിഗ്രേഷന്‍ പരിശോധന ആവശ്യമായ രാജ്യങ്ങളിലേക്ക് ജോലികള്‍ക്കായി 4.16 ലക്ഷത്തിലധികം പൗരന്മാര്‍ പോയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇറാഖ്, ഇന്തോനേഷ്യ, സൗദി അറേബ്യ, കുവൈറ്റ്, ജോര്‍ദാന്‍, ലിബിയ, ലെബനന്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 17 രാജ്യങ്ങള്‍ക്ക് മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു. 

ലഭ്യമായ രേഖകള്‍ പ്രകാരം 2020 ജൂണിനും 2021 ഡിസംബറിനുമിടയില്‍ 14 ഇസിആര്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞത് 4.23 ലക്ഷം ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ സൗദി അറേബ്യയില്‍ നിന്ന് 1.18 ലക്ഷവും യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്ന് 1.52 ലക്ഷവും പൗരന്മാരാണ്‌ മടങ്ങിയെത്തിയിരിക്കുന്നതെന്നും മന്ത്രലായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Summary:28.5 lakh peo­ple sought jobs abroad in two and a half years
You may also like this video

Exit mobile version