Site iconSite icon Janayugom Online

രണ്ടാം ടി20 യില്‍ ജയം രണ്ടുവിക്കറ്റിന്

ത്രില്ലര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആവേശജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. 55 പന്തില്‍ നിന്നും 72 റണ്‍സെടുത്ത തിലക് വര്‍മ്മയാണ് വിജയശില്പി.
ഇംഗ്ലണ്ട് ഓപ്പണർമാരെ സ്കോർ രണ്ടക്കം കടക്കാൻ അനുവദിക്കാതെ ഇന്ത്യ മടക്കിയെങ്കിലും പിന്നീട് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നു. 45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

ഓപ്പണർമാരായ അഭിഷേക് ശർമ്മയും സഞ്ജു സാംസണും രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തി, ജൊഫ്ര ആർച്ചറിന്റെ ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ച് തകർപ്പൻ തുടക്കത്തിന് ശേഷമാണ് അഭിഷേക് നിരാശപ്പെടുത്തിയത്. ആറ് പന്തിൽ മൂന്ന് ഫോറടക്കം 12 റൺസുമായി അഭിഷേക് മടങ്ങി. മാർക് വുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് താരം പുറത്തായത്. ഏഴ് പന്തിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. ജൊഫ്ര ആർച്ചറിനെ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ് വിക്കറ്റിൽ ബ്രൈഡൻ കാർസ് പിടികൂടുകയായിരുന്നു. 

ഒരറ്റത്ത് തിലക് വര്‍മ്മ റണ്‍സ് അടിച്ചുകൂട്ടുമ്പോഴും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞു. സൂര്യകുമാര്‍ യാദവ് 12 റണ്‍സെടുത്തും ധ്രുവ് ജുറേല്‍ നാല് റണ്‍സെടുത്തും പുറത്തായി. ഹര്‍ദിക് പാണ്ഡ്യ ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങി. 19 പന്തില്‍ നിന്നും 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ അല്പം പ്രതീക്ഷ നല്‍കിയെങ്കിലും ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ പുറത്തായി. അക്സര്‍ പട്ടേലിന് വെറും രണ്ട് റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ആറു റണ്‍സെടുത്ത് അര്‍ഷദീപ് സിങ്ങും പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങി. എന്നാല്‍ രവി ബിഷ്ണോയി രണ്ട് ബൗണ്ടറിയടക്കം പിന്തുണ നല്‍കിയതോടെ തിലക് ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്സ്. 

Exit mobile version