ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. ആറു ജോര്‍ജിയന്‍ സ്വദേശികള്‍, 17 ഉക്രെയ്ന്‍ സ്വദേശികള്‍, മൂന്നു ഇന്ത്യക്കാര്‍, രണ്ടു റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിനു മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു.

