Site iconSite icon Janayugom Online

30 സെന്റില്‍ നിന്ന് 1000 ഏക്കറിലേക്ക്; റോയിക്ക് തുണയായത് കൊച്ചി

സംരംഭക മേഖലയില്‍ കോടികള്‍ ഒഴുകി മറിയുന്ന ബാംഗ്ലൂരിലാണ് തുടങ്ങിയതെങ്കിലും ഡോ. സി ജെ റോയ് എന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന് ഭാഗ്യനിലമായത് വ്യവസായിക തലസ്ഥാനമായ കൊച്ചി. ശുദ്ധമലയാളത്തില്‍ ചാനല്‍ ഷോകളിലും ടെലിവിഷന്‍ ഇന്റര്‍വ്യൂകളിലും സംസാരിക്കുന്ന റോയ് മലയാളിയല്ല എന്നതാണ് കൗതുകം. ജനിച്ചതും യുവത്വം ആഘോഷമാക്കിയതും ബാംഗ്ലൂരില്‍. 1997ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എത്തിയ റോയ്ക്ക് പക്ഷെ ബാംഗ്ലൂരില്‍ ബിസിനസ് പച്ചപിടിപ്പിക്കാന്‍ സാധിച്ചില്ല. കര്‍ക്കശമായ നിയമങ്ങളും കര്‍ണാടക സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളും റോയിയെ വട്ടം കറക്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജോലി ഉപേക്ഷിച്ചാണ് റിയല്‍ എസ്റ്റേറ്റിലേയ്ക്ക് എത്തിയത്. പിന്നാലെ ഏറെ മോഹിച്ച് തുടങ്ങിയ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് റോയ് കൊച്ചിയിലെത്തി. നേരത്തെ കാക്കനാട് വാങ്ങിയ സ്ഥലത്ത് നൂറ് ഫ്ലാറ്റ് നിര്‍മിച്ചാണ് രണ്ടാം വരവിന് തുടക്കമിട്ടത്. കാക്കനാട് ഇന്ന് കാണുന്നപോലെ ഫ്ലാറ്റുകളുടെ വിളനിലയമായി മാറിയിട്ടില്ലാത്ത കാലത്താണ് റോയ് അവിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ നട്ടത്. ആരും തിരിഞ്ഞുനോക്കാതെ കാട് കയറികിടന്ന കാക്കനാട് ഫ്ലാറ്റുകള്‍ക്ക് സാധ്യതയുണ്ടെന്ന് എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് പല അഭിമുഖങ്ങളിലും റോയ് രസകരമായി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കാക്കനാട് വികസിക്കുമെന്നോ കൊച്ചി ഐടി ഹബ്ബായി മാറുമെന്നുമുള്ള ദീര്‍ഘവീക്ഷണമൊന്നുമല്ല ആ തീരുമാനത്തിന് പിന്നില്‍. അന്ന് എറണാകുളം നഗരത്തിനോട് ചേര്‍ന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമികിട്ടുന്ന ഒരു ഇടം മാത്രമേയുള്ളു. അത് കാക്കനാടാണ്. അങ്ങനെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കൊച്ചിയില്‍ വരവ് അറിയിച്ചത്. 

100 ഫ്ലാറ്റുകള്‍ നിര്‍മിച്ചുവെങ്കിലും അതില്‍ ഒന്ന് പോലും വിറ്റുപോയില്ല. തോല്‍ക്കാന്‍ പക്ഷെ റോയ് ഒരുക്കമായിരുന്നില്ല. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ സംഗീതപരിപാടിയായ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങറില്‍ റോയി തന്റെ ഫ്ലാറ്റിന്റെ പരസ്യം ഉള്‍പ്പെടുത്തി. റിയാലിറ്റി ഷോയില്‍ വിജയിക്കുന്ന വ്യക്തിക്ക് 40 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്‍ഡില്‍ നല്‍കാമെന്ന് റോയ് പ്രഖ്യാപിക്കുകയായിരുന്നു. ചാനല്‍ അധികൃതര്‍ വെറും അഞ്ച് ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് തേടി ചെന്നപ്പോഴാണ് അവരെ ഞെട്ടിച്ച് റോയ് 40 ലക്ഷത്തിന്റെ ഓഫര്‍ മുന്നോട്ട്‌വച്ചത്. റിയാലിറ്റി ഷോ വഴിയുള്ള പ്രചാരണമേറ്റു. മൂന്ന് ദിവസംകൊണ്ട് ദുബായിയില്‍ സംഘടിപ്പിച്ച ലോഞ്ചിലൂടെ 100 ഫ്‌ളാറ്റും കച്ചവടം ചെയ്ത് റോയ് ചരിത്രം സൃഷ്ടിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കുന്നത് അങ്ങനെയാണ്. 30 സെന്റിലെ ചെറിയ വീട് കച്ചവടത്തില്‍ നിന്ന് ആയിരം ഏക്കറിലേയ്ക്കുള്ള റോയിയുടെ വളര്‍ച്ചയ്ക്ക് നാന്ദി കുറിച്ചത് കൊച്ചി നഗരമാണ്. മരടില്‍ പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി ഫ്ലാറ്റുകള്‍ പൊളിച്ച സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പും ഉള്‍പ്പെടേണ്ടതായിരുന്നു. അവിടെ സ്വന്തമായുള്ള ഭൂമിയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതുമാണ്. എന്നാല്‍ സിആര്‍ഇസഡ് നിയമം ചൂണ്ടിക്കാട്ടി അജ്ഞാതനായ ഒരാള്‍ റോയ് അടക്കമുള്ള ബില്‍ഡര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മറ്റ് സംരംഭകര്‍ ആ മുന്നറിയിപ്പിനെ അവഗണിച്ചപ്പോള്‍ റോയ് അത് കാര്യമായി എടുക്കുകയും പഠിക്കുകയും അതിന് പിന്നിലെ റിസ്‌ക് തിരിച്ചറിയുകയും ചെയ്തു.
പിന്നാലെ മരട് പ്രോജക്ടില്‍ നിന്ന് പിന്മാറിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്‍കൂര്‍ പണമടച്ചവര്‍ക്ക് തുക തിരികെ നല്‍കി പദ്ധതി ഒഴിവാക്കി. ഇതിന് മാസങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി വിധി വരുകയും ഫ്ലാറ്റുകള്‍ ഒന്നൊന്നായി പൊളിച്ചുമാറ്റുകയുമായിരുന്നു. വലിയ നാണക്കേടുണ്ടാകുമായിരുന്ന പദ്ധതിയില്‍ നിന്ന് അങ്ങനെ നേരിയ വ്യത്യാസത്തില്‍ തലയൂരി കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ചീത്തപ്പേരില്‍ നിന്ന് രക്ഷിച്ച ചരിത്രവും റോയ്ക്കുണ്ട്.

Exit mobile version