കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ കെട്ടിട നിർമ്മാണ സ്ഥാപനമായ ഹീരാ കൺസ്ട്രക്ഷൻ കമ്പനിയുടെ സ്ഥാപകൻ അബ്ദുൾ റഷീദിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കമ്പനിയുടെ മാനേജിങ് ഡയറക്ടർ അബ്ദുൾ റഷീദിന്റെ 30 കോടിയിൽപ്പരം മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.
ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കൺസ്ട്രക്ഷൻ കമ്പനി, ഹീരാ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്, ഉപകമ്പനി ഹീരാ സമ്മർ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്. എസ്ബിഐയുടെ തിരുവന്നതപുരം കവടിയാര്‍ ശാഖയിൽ അബ്ദുൾ റഷീദും മറ്റു പ്രതികളും തട്ടിപ്പ് നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
വായ്പ ലഭിക്കാൻ ബാങ്കിന് ഈടായി നൽകിയിരുന്ന സെക്യൂരിറ്റികൾ എസ്ബിഐയെ കബളിപ്പിച്ച് വിറ്റ് കോടികൾ സമ്പാദിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. വായ്പാ തിരിച്ചടവിലും തട്ടിപ്പ് നടത്തിയതായും ഇഡി പറയുന്നു. പ്രതികൾ 34.82 കോടി രൂപ തട്ടിയെടുത്തതായും ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ റഷീദിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ബാങ്കിന് ഈടായി നൽകിയ വസ്തുക്കൾ വിറ്റ് ലഭിച്ച തുക വകമാറ്റിയതായും കണ്ടെത്തി. തുക വായ്പാ തിരിച്ചടവിന് ഉപയോഗിക്കാതെ വകമാറ്റുകയായിരുന്നുവെന്ന് ഇഡി ആരോപിച്ചു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആറിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്.
English Summary: 30 crore worth of assets of Heera Construction were confiscated
You may also like this video