Site iconSite icon Janayugom Online

30 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ യുഎസില്‍ അറസ്റ്റില്‍

അമേരിക്കയിൽ അനധികൃതമായി താമസിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരെ യുഎസ് അതിർത്തി പട്രോൾ ഏജന്റുമാർ അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിലെ ബോർഡർ പട്രോൾ ഏജന്റുമാർ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വാണിജ്യ ഡ്രൈവിങ് ലൈസൻസുകളുള്ള 49 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത്. 

ചൈന, എറിത്രിയ, ഹെയ്തി, ഹോണ്ടുറാസ്, മെക്സിക്കോ, റഷ്യ, സൊമാലിയ, തുർക്കി, ഉക്രെയ്ൻ, എൽ സാൽവഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകളിൽ 31 എണ്ണം കാലിഫോർണിയയിൽ നിന്നാണ് നൽകിയത്. എട്ട് ലൈസൻസുകൾ ഫ്ലോറിഡ, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ, മേരിലാൻഡ്, മിനസോട്ട, ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ, വാഷിങ്ടൺ എന്നിവിടങ്ങളിൽ നിന്നാണ് നൽകിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പറഞ്ഞു. 

ഇതിനുപുറമെ, ഡിസംബർ 10, 11 തീയതികളിൽ, കാലിഫോർണിയയിലെ ഒന്റാറിയോയിലും ഫോണ്ടാനയിലും സിബിപിയുടെയും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷന്റെയും സംയുക്ത നേതൃത്വത്തില്‍ നടന്ന ഓപ്പറേഷൻ ഹൈവേ സെന്റിനലിൽ വാണിജ്യ ഡ്രൈവിങ് ലൈസൻസുള്ള 45 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലും ഒരു ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടാം ദിവസം, നാല് ഇന്ത്യൻ പൗരന്മാരെ പിടികൂടി.
കാലിഫോർണിയയിലെ വാണിജ്യ ട്രക്കിങ് കമ്പനികളെയാണ് ഓപ്പറേഷൻ ഹൈവേ സെന്റിനൽ ലക്ഷ്യമിട്ടത്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ഓടിച്ചിരുന്ന ട്രക്കുകള്‍ നിരവധി മാരകമായ അപകടങ്ങള്‍ക്ക് കാരണമായതിനെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നായിരുന്നു ഇമിഗ്രേഷന്‍ വകുപ്പിന്റ വിശദീകരണം. 

Exit mobile version