Site iconSite icon Janayugom Online

എടിഎം തകര്‍ത്ത് 30 ലക്ഷം കവര്‍ച്ച; നാലംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍

തെലങ്കാനയില്‍ വന്‍ എടിഎം കവര്‍ച്ച. നാല് മിനിറ്റുകള്‍ക്കുള്ളില്‍ 30 ലക്ഷം രൂപയാണ് കവര്‍ന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സിസിടിവി ദൃശ്യം പുറത്തുവന്നു. നാല് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 1.56 ഓടെ സംഘം എടിഎമ്മിന് സമീപമെത്തി. തുടര്‍ന്ന് കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി. എടിഎമ്മിന് സമീപമുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ സ്പ്രേ ചെയ്ത് ഇയാള്‍ ദൃശ്യങ്ങള്‍ അവ്യക്തമാക്കുകയായിരുന്നു. അതേസമയം എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ അവ്യക്തമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. ഈ ക്യാമറയിലാണ് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് എടിഎം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. 

മോഷണശ്രമം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി സൈറണ്‍ വയറുകള്‍ അടക്കം സംഘം മുറിച്ചു. ശേഷം ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. ഈ സമയം ഒരാള്‍ എടിഎമ്മിന് പുറത്തായി കാവല്‍നിന്നു. രണ്ട് മണിയോടെ സംഘം 29.69 ലക്ഷം രൂപയുമായി സ്ഥലം വിട്ടു. എടിഎമ്മിന്റെ ഷട്ടര്‍ കൂടി അടച്ചാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറഞ്ഞു.

Exit mobile version