Site icon Janayugom Online

അംബാനി-ആര്‍എസ്എസ് ഫയലുകള്‍ തീര്‍പ്പാക്കാൻ 300 കോടി വാഗ്‌ദാനം ചെയ്യപ്പെട്ടു: സത്യപാല്‍ മാലിക്

അംബാനിയുടെയും ആര്‍എസ്എസ് ബന്ധമുള്ള ആളുടെയും ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ 300 കോടി രൂപ കൈക്കൂലി വാഗ്‌ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. 

കശ്മീര്‍ ഗവര്‍ണറായിരുന്ന സമയത്ത് രണ്ട് ഫയലുകള്‍ തന്റെ മുന്നിലെത്തി, അതില്‍ ഒന്ന് അംബാനിയുടേയും മറ്റൊന്ന് ആര്‍എസ്എസുമായി ബന്ധമുള്ള പിഡിപി-ബിജെപി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വ്യക്തിയുടേതുമായിരുന്നു. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ അന്ന് അറിയിച്ചത്. എന്നാല്‍ താന്‍ രണ്ട് ഇടപാടുകളും റദ്ദാക്കുകയായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസിയുടേതായിരുന്നു ഒരു ഫയല്‍. 2018 ഒക്ടോബറിലാണ് മാലിക് ഈ ഇടപാട് റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചത്. അതേസമയം രണ്ടാമത്തെ ഫയലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാലിക് വെളിപ്പെടുത്തിയില്ല. ഫയലുകളില്‍ ഒപ്പുവച്ചാല്‍ 150 കോടി രൂപ വീതം ലഭിക്കുമെന്നാണ് അന്ന് ഇരു വകുപ്പുകളിലെയും സെക്രട്ടറിമാര്‍ പറഞ്ഞതെന്നും മാലിക് പറഞ്ഞു. 2018 ഓഗസ്റ്റു മുതല്‍ 2019 ഒക്ടോബര്‍ 31 വരെയാണ് മാലിക് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചത്. 

രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതിയുള്ളത് കശ്മീരിലാണ് എന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തുടനീളം മൂന്ന്-നാല് ശതമാനം കമ്മിഷനാണ് ചോദിക്കപ്പെടാറുള്ളത്. എന്നാൽ കശ്മീരിൽ ഇത് 15 ശതമാനമാണ്.’ മാലിക് കൂട്ടിച്ചേർത്തു. തന്റെ നേതൃത്വത്തിൽ വലിയ അഴിമതികളൊന്നും സംസ്ഥാനത്ത് നടന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു. കര്‍ഷകരോടൊപ്പം നില്‍ക്കുന്നതിനു വേണ്ടി തന്റെ സ്ഥാനം വരെ ഉപേക്ഷിക്കാന്‍ തയാറാണെന്നും മാലിക് പറഞ്ഞു.
eng­lish summary:300 crore promised to set­tle Ambani-RSS files: Satya­pal Malik
you may also like this video:

Exit mobile version