Site iconSite icon Janayugom Online

ചത്തീസ്ഗഢില്‍ 31 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു

ചത്തീസ്ഗഢിലെ ബീജാപ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. 31 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. രണ്ട് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനുള്ളിലാണ് വെടിവയ്പ് നടന്നത്. അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുമ്പ് മാവോയിസ‍്റ്റുകളെ വേരോടെ പിഴുതെറിയുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ എക്സിലൂടെ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങളും സ‍്ഫോടക വസ‍്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എകെ 47 തോക്കുകള്‍, സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, ഇന്‍സാസ്, ഗ്രനേഡ് ലോഞ്ചറുകള്‍, നിരവധി തോക്കുകള്‍ എന്നിവ കണ്ടെടുത്ത കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ജില്ലാ റിസര്‍വ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ‍്സ്, ബസ്തര്‍ ഫൈറ്റര്‍ ഫോഴ‍്സ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്ന് ബസ്തർ റേഞ്ച് ഐജി പി സുന്ദർരാജ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരൊക്കെയാണെന്ന് പരിശോധിച്ച് വരികയാണ്. ഏറ്റുമുട്ടല്‍ നടന്നിടത്ത് തിരച്ചിൽ തുടരുകയാണെന്നും കൂടുതല്‍ സേനയെ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

ജനുവരി ആറിന് ബീജാപ്പൂരില്‍ മാവോയിസ്റ്റുകള്‍ സ്ഫോടനത്തിലൂടെ വാഹനം തകര്‍ത്ത സംഭവത്തില്‍ എട്ട് ജില്ലാ റിസര്‍വ് ഗാര്‍ഡും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇതുവരെ 49 മാവോയിസ‍്റ്റുകളെ സുരക്ഷാസേന വധിച്ചതായി ഛത്തീസ്ഗഢ് പൊലീസ് പറയുന്നു. ബീജാപൂര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ അടങ്ങുന്ന ബസ്തര്‍ ഡിവിഷനില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ജനുവരി 20നും 21നും റായ‍്പൂര്‍ ഡിവിഷനിലെ ഗാരിയബന്ദ് ജില്ലയില്‍ 16 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചിരുന്നു. 2024ല്‍ 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. 

Exit mobile version