Site iconSite icon Janayugom Online

യുഎസ് ആക്രമണത്തില്‍ 32 ക്യൂബന്‍ സെെനികര്‍ കൊല്ലപ്പെട്ടു

വെനസ്വേലയില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 32 സൈനികർ മരിച്ചതായി ക്യൂബ സ്ഥിരീകരിച്ചു. യുഎസ് സേനയുമായുള്ള നേരിട്ടുള്ള പോരാട്ടത്തിലും കാരക്കാസിലെ സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ബോംബാക്രമണങ്ങളിലുമാണ് സെെനികര്‍ മരിച്ചതെന്ന് ദേശീയ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ ക്യൂബൻ സർക്കാർ അറിയിച്ചു. വെനസ്വേലന്‍ അധികൃതരുടെ അഭ്യർത്ഥനപ്രകാരം ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സംരക്ഷണ ദൗത്യത്തിനായാണ് കാരക്കാസില്‍ ക്യൂബന്‍ സെെനികരെ വിന്യസിച്ചത്. 

സെെനികരോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്നലെയും ഇന്നുമായി രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ക്യൂബയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് വെനസ്വേലന്‍ സര്‍ക്കാരും പ്രസ്താവന പുറത്തിറക്കിയിരുന്നു. ഉഭയകക്ഷി സഹകരണ കരാറുകൾക്ക് കീഴില്‍ പ്രതിരോധവുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ നിർവഹിച്ചിരുന്ന ക്യൂബന്‍ സെെനികരാണ് മരിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ, വെനസ്വേലന്‍ പ്രതിരോധ മന്ത്രി ജനറൽ വ്ലാദിമിര്‍ പാഡ്രിനോ ലോപ്പസ്, മഡുറോയുടെ സുരക്ഷാ സംഘത്തിലെ നിരവധി അംഗങ്ങളെ യുഎസ് സൈനികർ “ക്രൂരമായി കൊന്നൊടുക്കി” എന്ന് വെളിപ്പെടുത്തിയിരുന്നു. ഓപ്പറേഷനിൽ മഡുറോയുടെ ഗാർഡുകളിൽ ചിലർക്ക് പരിക്കേറ്റതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചു. നിരവധി ക്യൂബക്കാർ മഡുറോയെ സംരക്ഷിക്കുന്നതിനായി മരിച്ചുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 

Exit mobile version