കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരളമൊട്ടാകെ പ്രവര്‍ത്തിക്കുന്ന 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇത് ഏറെ ആശ്വാസമാകും.
2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള സബ്ഡിഡി കുടിശികയായ 41.09 കോടിയിലാണ് ഇപ്പോള്‍ 33.6 കോടി രൂപ അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയില്‍ നിന്നാണിത്. 2019–20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകള്‍. ഊണിന് ഇരുപത് രൂപയും പാഴ്സലിന് ഇരുപത്തിയഞ്ച് രൂപയും എന്ന നിരക്കിലാണ് ജനകീയ ഹോട്ടലുകളില്‍ ഊണ് നല്‍കിയിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഊണൊന്നിന് പത്തു രൂപ നിരക്കില്‍ സംരംഭകര്‍ക്ക് സബ്സിഡിയും നല്‍കിയിരുന്നു.
കോവിഡ് ഭീഷണി ഇല്ലാതാവുകയും സാമൂഹിക ജീവിതം കോവിഡ് കാലത്തിനു മുമ്പുള്ള നിലയിലേക്ക് മാറുകയും ചെയ്തതോടെയാണ് സബ്സിഡി നിര്‍ത്തലാക്കിയത്. നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി വഴി 5043 വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നുണ്ട്.
English Summary: 33.6 crore subsidy for Kudumbashree
You may also like this video
You may also like this video