Site iconSite icon Janayugom Online

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 3,360 കോടി കുടിശിക

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 3,360 കോടി കുടിശികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പശ്ചിമബംഗാള്‍, യുപി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തുക തൊഴിലാളികള്‍ക്ക് നല്‍കാന്‍ ബാക്കിയുള്ളതെന്നും രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാകുന്നു. പ്രത്യേക ധനസഹായമുള്‍പ്പെടെ കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്ന തുകയില്‍ ഇത്തവണത്തെ ബജറ്റില്‍ 35 ശതമാനം വെട്ടിക്കുറവ് വരുത്തിയതിന് പിന്നാലെയാണ്, തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.

വര്‍ഷത്തില്‍ ചുരുങ്ങിയത് നൂറ് ദിവസമെങ്കിലും തൊഴില്‍ നല്‍കി, ഗ്രാമീണ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് എംജിഎന്‍ആര്‍ഇജിഎ. ജനുവരി 27 വരെയുള്ള കണക്കനുസരിച്ച്, പദ്ധതിയില്‍ രാജ്യത്ത് ആകെയുള്ള കുടിശിക 3,358.14 കോടിയാണെന്നാണ് സിപിഐ(എം) എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി രാജ്യസഭയില്‍ നല്‍കിയ മറുപടി.
പശ്ചിമബംഗാളിലെ തൊഴിലാളികള്‍ക്ക് 752 കോടിയും യുപിയില്‍ 597 കോടിയും രാജസ്ഥാനില്‍ 555 കോടിയുമാണ് തൊഴിലെടുത്ത വകയില്‍ ലഭിക്കാനുള്ളതെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു.

സമീപകാലത്തായി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 2021 ലെ ബജറ്റിൽ 61,500 കോടി രൂപ മാത്രമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ചത്. എന്നാൽ കോവിഡ് ഉത്തേജക പാക്കേജായി അവതരിപ്പിച്ച ആത്മനിർഭർ പദ്ധതി വഴി 50,000 കോടി രൂപ കൂടുതലായി വകയിരുത്തിയതോടെ 1,11,500 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചു. ഈ തുക പോലും അതുവരെയുള്ള വേതന കുടിശിക തീർക്കാനും വേതനം കൊടുക്കാനും തികയില്ലായിരുന്നു. എന്നിട്ടും ഇത്തവണ വെറും എഴുപത്തിമൂവായിരം കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിരിക്കുന്നത്.

കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായ 2020 ൽ രാജ്യത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലവസരം വർധിച്ചതായി കേന്ദ്രസർക്കാർ സാമ്പത്തിക സർവേ ഫലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 നെ അപേക്ഷിച്ച് 2021 ലെ മിക്ക മാസങ്ങളിലും പഞ്ചാബ്, മഹാരാഷ്ട്ര, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലിന് ആവശ്യം കൂടുതലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് 9.87 കോടി കുടുംബങ്ങളിൽ നിന്നായി 15.19 കോടി തൊഴിലാളികളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. തൊഴിൽ കാർഡ് എടുത്ത 29.9 കോടി പേരുണ്ട്. ആകെ തൊഴിലാളികളുടെ 36.32 ശതമാനം പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരില്‍ 20. 21 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 16.11 ശതമാനം പട്ടികവർഗത്തിൽപ്പെട്ടവരും ഉള്‍പ്പെടുന്നു.

eng­lish sum­ma­ry; 3,360 crore due under Nation­al Rur­al Employ­ment Guar­an­tee Scheme

you may also like this video;

Exit mobile version