Site icon Janayugom Online

പൊതുവിദ്യാലയങ്ങളിൽ 34.05 ലക്ഷം കുട്ടികൾ

2023–24 അക്കാദമിക് വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ആകെ കുട്ടികളുടെ എണ്ണം 37,46,647. സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസിൽ സ‍ർക്കാർ– എയ്ഡഡ് വിദ്യാലയങ്ങളിൽ 10,164 കുട്ടികൾ ഈ വർഷം കുറഞ്ഞപ്പോൾ രണ്ട് മുതൽ പത്തുവരെ ക്ലാസുകളിൽ പുതുതായി 42,059 കുട്ടികൾ പ്രവേശനം നേടിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പുതുതായി പ്രവേശനം നേടിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വ‍ർഷം സ‍ർക്കാ‍ർ‑എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. കഴിഞ്ഞ വ‍ർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസ് കഴിഞ്ഞത് 3,95,852 കുട്ടികളും ആയിരുന്നു. ഈ വ‍ർഷം 1,27,539 കുട്ടികൾ കൂടുതൽ വന്നാൽ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോൾ രണ്ടു മുതൽ 10 വരെ 42,059 കുട്ടികൾ പുതുതായി ഈ വർഷം വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 

കുട്ടികളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഈ വർഷത്തെ തസ്തിക നിർ‍ണയ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചു. 2023–24ലെ കുട്ടികളുടെ വിശദാംശങ്ങൾ (സ്കൂൾ തിരിച്ചുള്ള കണക്കുൾപ്പെടെ) പോർട്ടലിൽ (sametham. kite. ker­ala. gov. in) ലഭ്യമാണ്. കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മലപ്പുറത്തും (20.73 ശതമാനം) ഏറ്റവും കുറവ് (2.21 ശതമാനം) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തിൽ മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കോട്ടയം, എറണാകുളം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തി. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 56 ശതമാനം (20,96,846) പേർ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരും 44 ശതമാനം (16,49,801) പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

Eng­lish Summary;34.05 lakh chil­dren in pub­lic schools

You may also like this video

Exit mobile version