മോണ്‍സന്റെ ശേഖരത്തിലെ പുരാവസ്തുക്കള്‍ വ്യാജമെന്ന് സ്ഥിരീകരിച്ചു. ടിപ്പുവിന്റെ സിംഹാസനം,വിളക്കുകള്‍,ഓട്ടുപാത്രം തുടങ്ങി പുരാവസ്തുക്കളെന്ന പേരില്‍ പ്രദര്‍ശിപ്പിച്ച 35 വസ്തുക്കള്‍ വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി.
മോന്‍സനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമായിരുന്നു സംസ്ഥാന പുരാവസ്തുവകുപ്പ് മോന്‍സന്‍റെ പുരാസ്തുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മോന്‍സന്‍റെ പുരാവസ്തു ശേഖരം അടിമുടി വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ടിപ്പുവിന്റെ സിംഹാസനമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കപ്പെട്ട കസേര വ്യാജമാണ്. കൂടാതെ വിളക്കുകള്‍, തംബുരു,ഓട്ടുപാത്രങ്ങള്‍ തുടങ്ങി ഇയാളുടെ ശേഖരത്തിലുണ്ടായിരുന്ന 35 വസ്തുക്കള്‍ പുരാവസ്തുക്കളല്ല എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇവയ്ക്കൊന്നും കാലപ്പഴക്കമില്ലെന്നാണ് കണ്ടെത്തല്‍. ഇതൊടൊപ്പമുള്ള താളിയോലകള്‍ക്കും മൂല്യമില്ലെന്നും വ്യക്തമായി.
ഇത് സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് പുരാവസ്തുവകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി.മോന്‍സന്‍റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മോന്‍സനെതിരെ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിപ്പ് കേസന്വേഷണത്തിന് ഏറെ സഹായകമാകുന്നതാണ് പുരാവസ്തുവകുപ്പിന്‍റെ ഈ റിപ്പോര്‍ട്ട്.തിമിംഗല അസ്ഥി,ആനക്കൊമ്പ് ഉള്‍പ്പടെ മോന്‍സന്‍റെ കൈവശമുണ്ടായിരുന്നവ വനംവകുപ്പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ചിന് ഉടന്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
English summary;35 antiquities in Monson’s collection forged
you may also like this video;