Site iconSite icon Janayugom Online

ഇന്ത്യാവിരുദ്ധ പ്രചാരണം: 35 യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഈ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുള്ളതായി കണ്ടെത്തിയെന്നും മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി വിക്രം സഹായ് അറിയിച്ചു.

നീക്കം ചെയ്ത ചാനലുകള്‍ക്ക് 1.20 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നെന്നും ഇത്തരം വീഡിയോകള്‍ 130 കോടിയില്‍പരം ജനങ്ങളിലേക്ക് എത്തിപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. കശ്മീര്‍ വിഷയം, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം, ഇന്ത്യയുടെ വിദേശ നയങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളാണ് വസ്തുതാവിരുദ്ധമെന്ന് മന്ത്രാലയം കണ്ടെത്തിയത്.

പാക്കിസ്ഥാനില്‍ നിന്നും നിയന്ത്രിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയായേക്കാവുന്നതിനാലാണ് ചാനലുകള്‍ നീക്കം ചെയ്‌തെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. വസ്തുതാവിരുദ്ധമായ ഇത്തരം ചാനലുകള്‍ക്കെതിരെ യൂട്യൂബ് അടക്കമുള്ള ഇന്റര്‍ഫേസുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം താക്കീത് നല്‍കി.
Eng­lish summary;35 YouTube chan­nels banned
You may also like this video;

Exit mobile version